മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍, കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അനുസ്മരിച്ചു. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. കേരളാ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യ അതിഥിയായിരുന്ന ചടങ്ങിന് കത്തീഡ്രല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

മഹ്മൂദ് അല്‍ സാലഹ് (മെമ്പര്‍ ഓഫ് ബഹ്റൈന്‍ & അറബ് പാര്‍ലമെന്റ്), ബെറ്റ്‌സി മത്തീസണ്‍ (പ്രസിഡന്റ്-ദിസ് ഈസ് ബഹ്റൈന്‍ & വൈസ് പ്രസിഡന്റ്-കിങ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്‌സിസ്റ്റന്‍സ്), എം. എ. യൂസഫ് അലി (ചെയര്‍മാന്‍ ലുലു ഗ്രൂപ്പ്), അഹ്ലം യൂസഫ് ജനാഹി (പ്രസിഡന്റ്-ബഹ്റൈന്‍ ബിസിനസ് വുമണ്‍ സൊസൈറ്റി), റവ. വി. പി. ജോണ്‍, സോമന്‍ ബേബി, അലക്‌സ് ബേബി, പി.വി.രാധാകൃഷ്ണ പിള്ള, റവ. ഡേവിഡ് വി. ടൈറ്റസ്, റവ. സാം ജോര്‍ജ്ജ്, റവ. ദിലീപ് ഡേവിഡ്‌സണ്‍, റവ. ഷാബു ലോറന്‍സ്, ആന്റണി റോഷ് എന്നിവര്‍ പരിശുദ്ധ പിതാവിനെ അനുസ്മരിച്ചു. പൂര്‍ണ്ണമായും ഓണ്‍ ലൈനായിട്ട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഇടവക മാനേജിംഗ് കമ്മറ്റി തയ്യാറാക്കിയ, പരിശുദ്ധ കാതോലിക്കാ ബാവായുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ് നന്ദി അറിയിക്കുകയും ചെയ്തു.