മനാമ: പ്രമുഖ നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ചേര്‍ന്ന അനുസ്മരണത്തില്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
നെടുമുടി വേണുവിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കലാവേദി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അതുല്യ പ്രതിഭ അഞ്ഞൂറിലധികം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലുടെ മലയാളികളുടെ മനസ്സില്‍ അമരത്വം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തോടൊപ്പം ഫ്രന്റസ് കലാസാഹിത്യ വേദിയും അനുശോചനം രേഖപ്പെടുത്തുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അനുശോചനവും ദു:ഖവും രേഖപ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. അനായാസമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കുകയും വ്യത്യസ്തവും ലാളിത്യം നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത പ്രതിഭയായിരുന്നു നെടുമുടി വേണുവെന്നും അദ്ദേഹത്തിന്റെ മരണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ പ്രതിഭയെ ആണെന്നും ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രസിഡന്റ് എഫ്.എം.ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത്, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.

മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ച് അഭിനയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ നെടുമുടി വേണുവിന്റെ വിയോഗം കലാലോകത്തിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു.

ചലച്ചിത്ര അഭിനയ ജീവിതത്തില്‍ 500 ല്‍ പരം സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വക്തിമുദ്ര പതിപ്പിച്ച അതോടൊപ്പം പ്രേക്ഷക മനസുകളില്‍ നടനായും വില്ലനായും സ്വഭാവ നടനായും പ്രതിഭ തെളിയിച്ച നടനായിരുന്നു നെടുമുടി വേണു എന്ന്  ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിലയിരുത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.