മനാമ: കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്റൈന്‍ പ്രതിഭ സിത്ര യൂണിറ്റ് അംഗമായിരുന്ന ദിനേശന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി.  പ്രതിഭ പ്രവര്‍ത്തകര്‍ സമാഹരിച്ച 6,70,000 രൂപ കോഴിക്കോട് തൊട്ടില്‍പാലത്തു ദിനേശന്റെ വീട്ടില്‍ വച്ച് പ്രതിഭ നേതാക്കളായ സി.വി. നാരായണനും സുബൈര്‍ കണ്ണൂരും ചേര്‍ന്ന് കൈമാറി. 

സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ.കൃഷ്ണന്‍, കാവിലും പാറ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി. ജോര്‍ജ്മാസ്റ്റര്‍, സിപിഎം കാവിലുംപാറ ലോക്കല്‍ സെക്രട്ടറി എ.ആര്‍.വിജയന്‍ തുടങ്ങി മറ്റു പ്രാദേശിക നേതാക്കളും പ്രതിഭ സിത്ര യൂണിറ്റ് മുന്‍ സെക്രട്ടറിയായിരുന്ന സതീന്ദ്രനും പങ്കെടുത്തു. പ്രവാസി വ്യവസായി വര്‍ഗീസ് കുര്യന്‍ നല്‍കിയ ഒരു ലക്ഷം രൂപ, മുമ്പ് സഖാവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.

ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ബഹ്റൈന്‍ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാറും പ്രസിഡണ്ട് കെഎം സതീഷും അറിയിച്ചു.