മനാമ: രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി വരുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രതിനിധികളെ ബഹ്റൈന്‍ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികള്‍ക്ക് വിവിധ സംഘടനകള്‍ വഴി ഭക്ഷ്യ കിറ്റ് ഉള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഗവര്‍ണറേറ്റ് ശ്രദ്ധ ചെലുത്തിയിരുന്നു. റമദാന്‍ കാലത്തും അതുപോലെ തന്നെ സംഘടനകള്‍ വഴി ഇഫ്താര്‍ കിറ്റുകളും നല്‍കുന്നതിന് ഗവര്‍ണറേറ്റ് പ്രതിനിധികള്‍ ശ്രദ്ധ ചെലുത്തി. പ്രവാസികളോടുള്ള ഈ കരുതലിന് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് ബഹ്റൈന്‍ പ്രതിഭ ചൂണ്ടിക്കാട്ടി. സഹായങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് നേരിട്ട് മുന്‍കൈയെടുത്ത ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫോര്‍മേഷന്‍ വിഭാഗം ആക്റ്റിംഗ് ഡയറക്റ്ററായ യൂസഫ് ലൗറിക്കും, ആന്റണി പൗലോസിനും ബഹ്റൈന്‍ പ്രതിഭയുടെ ഉപഹാരം ഗവര്‍ണറേറ്റ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. ബഹ്റൈന്‍ പ്രതിഭയുടെ സാമൂഹിക ഇടപെടലുകളില്‍ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിയ പ്രതിനിധികള്‍ തുടര്‍ന്നുള്ള നാളുകളിലും സാധ്യമായ മേഖലകളിലെല്ലാം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാം എന്നും ഉറപ്പ് നല്‍കി.