മനാമ: എല്ലാവിധ കള്ള പ്രചരണങ്ങളെയും വര്‍ഗീയ അജണ്ടകളെയും അതിജീവിച്ചു ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ ബഹ്റൈന്‍ പ്രതിഭ അഭിന്ദിച്ചു. തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതിയാണ് ഇടതുപക്ഷം വിജയം ഉറപ്പിച്ചത്. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. 

വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്ന് പ്രധാനമന്ത്രി ഉള്‍പ്പെടയുള്ള ദേശീയ നേതാക്കള്‍ മതവികാരം പ്രധാന അജണ്ടയാക്കി പ്രചാരണം നടത്തിയിട്ടും  ബിജെപിക്ക് ഒരു സീറ്റ് പോലും നല്‍കാതെ കേരള ജനത തങ്ങളുടെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടെ ദൃഢമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കള്ള കേസുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിരന്തരം ശ്രമിച്ച കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് ഈ ജനവിധി. അതോടൊപ്പം ജനാധിപത്യത്തെ വെല്ലുവിളിച്ചു മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാല്‍ കേരളം ബിജെപി ഭരിക്കും എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ബിജെപി നേതാക്കളുടെയും ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ നല്‍കിയ ഉചിതമായ മറുപടി കൂടിയായി തിരഞ്ഞെടുപ്പ് ഫലം.

തുടര്‍ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫ് കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു എതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാന്‍ ഈ രാഷ്ട്രീയ മുന്നേറ്റം ഏറെ കറുത്ത് പകരുമെന്നും ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി എന്‍.വി.ലിവിന്‍ കുമാറും പ്രസിഡന്റ് കെ.എം.സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.