മനാമ:  ബഹ്‌റൈനില്‍ ശനിയാഴ്ച നടന്ന പാര്‍ലമെന്റ്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 67 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ബഹ്‌റൈന്‍ നീതി-ന്യായ വകുപ്പു മന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പായിരുന്നുവെന്നതിന് തെളിവാണ് പോളിംഗ് ബൂത്തുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കെന്ന് മന്ത്രി വിലയിരുത്തി. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുമെന്നതിന്റെ തെളിവാണ് ജനങ്ങളുടെ പിന്തുണ. എന്നാല്‍ 40 സീറ്റുകളിലേക്കായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറും 9 സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രമായിരുന്നു വിജയം കൈവരിക്കാനായത്. ബാക്കിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് 50 ശതമാനം വോട്ട് നേടാനാകാത്തതിനാല്‍ ഇവര്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 30 സീറ്റുകളില്‍ 6 പേര്‍ക്കു മാത്രമാണ് വിജയം കൈവരിക്കാനായതെന്നതിനാല്‍ ബാക്കി 24 സീറ്റുകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു  നടക്കും. ഡിസംബര്‍ ഒന്നിന് ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വീണ്ടും നടക്കും. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രമാണ്വിജയിക്കാനായത്. ബാക്കി 9 സീറ്റുകളില്‍ അന്‍പതു ശതമാനം വോട്ടു നേടാനാകാത്തതിനാല്‍ വീണ്ടും ജനവിധി തേടും. മുഹര്‍റഖ് ഗവര്‍ണ്ണറേറ്റിലെ 8 സീറ്റില്‍ ഒരാള്‍ വിജയിച്ചു. ബാക്കി 7 സീറ്റിലേക്ക് വീണ്ടും മല്‍സരം നടക്കും.നോര്‍ത്തേണ്‍ ഗവര്‍ണ്ണറേറ്റിലെ 12 സീറ്റുകളില്‍രണ്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ബാക്കി 10 മണ്ഠലങ്ങളില്‍ ശനിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പു നടത്തും. 

അതേസമയം, ശനിയാഴ്ച നടന്ന പാര്‍ലമെന്റ്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ  ഫലങ്ങള്‍ ഇന്നലെ പുറത്തുവന്നപ്പോള്‍ വനിതാസ്ഥാനാര്‍ത്ഥികള്‍ ആകെ നിരാശരായിരുന്നു. രണ്ടു വനിതകള്‍ മാത്രമാണു വിജയിച്ചത്. മല്‍സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 47 പേര്‍ വനിതകളായിരുന്നു. പലര്‍ക്കും പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. രാജ്യത്ത് നല്ലൊരു ശതമാനം വോട്ടര്‍മാര്‍ സ്ത്രീകളായിരിക്കെ തങ്ങള്‍ പരാജയപ്പെടുന്നതെന്തുകൊണ്ടെന്നു വിലയിരുത്തി പ്രവര്‍ത്തിച്ചിട്ടും ഫലം കണ്ടില്ല. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ലത്തീഫ അല്‍ ഗൗദ് എന്ന വനിത എതിരില്ലാതെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 

ജി.സി.സി. രാജ്യത്തെ ആദ്യത്തെ വനിതാ പാര്‍ലമെന്റംഗമെന്ന നിലയില്‍ വിദേശ മാദ്ധ്യമങ്ങള്‍ അന്ന് വന്‍ വാര്‍ത്താപ്രാധാന്യമാണ് നല്‍കിയത്. ഗള്‍ഫില്‍ ആദ്യമായി ബഹ്‌റൈനിലാണ് വനിതാസ്ഥാനാര്‍ത്ഥികള്‍ ബാലറ്റ് വോട്ടിംഗിലൂടെ വിജയം കണ്ടത്. രാഷ്ട്രീയത്തിലും തങ്ങള്‍ പുരുഷന്‍മാരേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ഇവര്‍ തെളിയിച്ചു. 2010ലെ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് അംഗങ്ങളുള്ള പാര്‍ലമെന്റില്‍ നാലു ശതമാനം വനിതകളായി. സൗസന്‍ അല്‍ തഖാവിയാണ് ഈ തെരഞ്ഞെടുപ്പില്‍  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വനിത. ഇവര്‍ക്കെതിരേ മല്‍സരിക്കാനിരുന്ന നാലുപേര്‍ തങ്ങളുടെ സ്താനാര്‍ത്ഥിത്വം പിന്‍വലിച്ചതോടെ വനിതാ വോട്ടര്‍മാര്‍ക്കും ആവേശമായി. രാജ്യത്തെ വിദ്യാഭ്യാസവിചക്ഷണ മുനീറ ഫക്രൂ  2006ലെ തെരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായിരുന്നുവെങ്കിലും നേരിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു. 

ബഹ്‌റൈന്‍ ശൂറാ കൗണ്‍സിലില്‍ 2010ല്‍ പതിനൊന്നു വനിതകളെ നിയമിച്ചുകൊണ്ട് ഹമദ് രാജാവ് ഉത്തരവായത് വനിതകള്‍ക്ക് ഉണര്‍വേകിയിരുന്നു. ഇതിലൊരാള്‍ ക്രിസ്ത്യാനിയും ഒരാള്‍ ജൂതവിഭാഗത്തില്‍നിന്നുമായതുംവിദേശമാദ്ധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടത്. ബഹ്‌റൈനിലെ ബാങ്കുകളിലടക്കം നിരവധി മേഖലകളില്‍ വനിതകള്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നുണ്ട്.