മനാമ: ബഹ്‌റൈനില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ ഹെല്‍പ്പ് ഡസ്‌ക് കണ്‍വീനര്‍ സിറാജുദ്ദീന്‍ അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് തിരുവനന്തപുരത്തുനിന്ന് എത്താന്‍ വൈകുന്നതിനാലാണിത്. കഴിഞ്ഞ ഡിസംബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് ഇതുവരെ തീര്‍പ്പായിരിക്കുന്നത്. അതിനുശേഷം അപേക്ഷ നല്‍കിയവര്‍ക്കാര്‍ക്കും ഇനിയും കാര്‍ഡ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചതെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. 

 മുന്‍പ് അപേക്ഷകള്‍ നല്‍കിയാല്‍ 3 മാസം കൊണ്ട് തന്നെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുമായിരുന്നു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രധാന രേഖയായി കണക്കാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് കഴിഞ്ഞ ഒരു വര്‍ഷമായി നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സമാജത്തിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ വൈകീട്ട് 7 മണി മുതല്‍ 9 വരെയുള്ള സമയത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ഓഫീസിലേയ്ക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അടക്കമുള്ളവര്‍ രജിസ്‌ട്രേഷന് വേണ്ടി വന്നിരുന്നു. 

സമാജം വളണ്ടിയര്‍മാര്‍ ഇവര്‍ക്കുള്ള എല്ലാ സഹായവും നല്കിവന്നിരുന്നു. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതിനോടകം സമാജം ഹെല്‍പ്പ്‌ഡെസ്‌ക് വഴി വിതരണം ചെയ്യുകയുമുണ്ടായി. 

സ്വന്തമായി ഫോറം പൂരിപ്പിച്ചു കൊണ്ട് നാട്ടിലെ നോര്‍ക്ക ഓഫീസില്‍ രജിസ്‌ട്രേഷനുവേണ്ടി ഓരോരുത്തരും അപേക്ഷ അയക്കുന്നതിനു പകരം ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ഒരുമിച്ചായിരുന്നു അപേക്ഷകള്‍ അയച്ചിരുന്നത്. ഇത്തരത്തില്‍ അപേക്ഷകള്‍ അയക്കുന്നതിനും തൊഴിലാളികള്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഹെല്‍പ്പ് ഡെസ്‌ക് ഇപ്പോഴും തയ്യാറാണെങ്കിലും  കേരളത്തിലെ ഓഫീസിലെ അനാസ്ഥ മൂലം ഈ സൗകര്യം ഇല്ലാതാകുന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

ഒമ്പത് മാസം മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്ക് കാര്‍ഡ് ലഭിക്കാതായതോടെ പലരും ഇവിടെ എത്തി പ്രശ്‌നനങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി..അതുകൊണ്ടാണ് ഇതുവരെ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പ് നല്‍കിയ ശേഷം അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്ന നിലപാട് തങ്ങള്‍ സ്വീകരിച്ചതെന്നും ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഹെല്‍പ്പ് ഡെസ്‌ക് എത്രയും പെട്ടെന്ന് പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. നോര്‍ക്ക കേരളാ ഓഫീസിലെ മെല്ലെപ്പോക്ക് നയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.