ബഹ്റൈനില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ ഖബറടക്കിമനാമ: കോവിഡ് ബാധിച്ച് ബഹ്റൈനില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കോഴിക്കോട് താമരശ്ശേരി കൊരങ്ങാട് സ്വദേശി ബഷീര്‍ കാറ്റാടിക്കുന്ന് (43), പലക്കാട് സ്വദേശി തിരുവേദപ്പുറ കൊട്ടാമ്പാറ വീട്ടില്‍ ഇസ്മായില്‍ (60) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ മുഹറഖിലെ ഹമദ് അലി കാനൂ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്. 

കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് മയ്യിത്ത് പരിപാലനം നിര്‍വഹിച്ചത്. വര്‍ഷങ്ങളായി ബഹ്റൈനില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന ഇരുവരും കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. മയ്യിത്ത് ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് കെഎംസിസി ബഹ്റൈന്‍ നേതാക്കളായ ഷാഫി പാറക്കട്ട, ഫൈസല്‍ കോട്ടപ്പള്ളി, കെ കെ സി മുനീര്‍, ഹാരിസ് വി വി തൃത്താല, മാസില്‍ പട്ടാമ്പി, ആഷിഖ് പത്തില്‍, അന്‍വര്‍ കൊടുവള്ളി ,ആസിഫ് നിലമ്പൂര്‍, സലാം ജിദാലി, നവാസ് കുണ്ടറ, സഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇവര്‍ക്ക് പുറമെ ഇസ്മായിലിന്റെ സഹോദരന്‍ മുഹമ്മദലി, മകന്‍ ശരീഫ് എന്നിവരും കൂടെയുണ്ടായിരുന്നു. 

ഇസ ടൗണില്‍ ജിദാലിയില്‍ ജോലി ചെയ്തുവരികയായിരുന്നു ബഷീര്‍. ഭാര്യ: ഫെമിന. മകള്‍: ഫിനു ഫാത്തിമ. 30 വര്‍ഷമായി ബഹ്റൈനിലുണ്ടായിരുന്ന ഇസ്മായില്‍ അടുത്തമാസം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ഉനൈസ്, ഷരീഫ്, ഉമര്‍.