മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫീച്ചര്‍ ഫിലിം 'നിയതം' റിലീസിങ്ങിന് ഒരുങ്ങുന്നു. തൃശ്ശൂരിലെ ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 മുതല്‍ 14 വരെ നടക്കുന്ന അഞ്ചാം ഗ്രാമീണ ചലച്ചിത്രോത്സവമേളയില്‍ ഉദ്ഘാടന ചിത്രമായി 'നിയതം' സിനിമ റിലീസ് ചെയ്തുകൊണ്ട് പ്രദര്‍ശിപ്പിക്കും. റിലീസിങ്ങിന് മുന്നോടിയായി ഈ ചലച്ചിത്രത്തിന്റെ ടീസര്‍ റിലീസിംഗ് മാര്‍ച്ച് 7 ഞായര്‍ വൈകീട്ട് 7 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഫേസ്ബുക്ക് പേജിലൂടെ സമാജം പ്രസിഡന്റ്. പി. വി. രാധാകൃഷ്ണപിള്ള നിര്‍വ്വഹിക്കും. ഇതിനോടകം തന്നെ മികച്ച പ്രവര്‍ത്തനത്തിനുള്ള കേരള ഗവര്‍മെന്റിന്റെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള സംഘടനയാണ് ദേവസൂര്യ കലാവേദി. വര്‍ഷം തോറും നടത്തിവരാറുള്ള ഗ്രാമീണ ചലച്ചിത്രോത്സവം അവരുടെ വാര്‍ഷിക കലണ്ടറിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. 

ലോകമെമെമ്പാടും ഭീതി പടര്‍ത്തികൊണ്ട് കൊറോണ എന്ന മഹാമാരി മനുഷ്യ രാശിയെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത് പ്രവാസികളെ എത്രമാത്രം ബാധിച്ചു എന്നുള്ളത് ഏവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളുടെയും, മാനസിക സംഘര്‍ഷങ്ങളുടെയും അതോടൊപ്പം അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും കോര്‍ത്തിണക്കികൊണ്ട് ചില അനുഭവ സാക്ഷ്യത്തിലൂടെ രാജേഷ് സോമന്‍ പുവ്വത്തൂര്‍ കഥയും തിരക്കഥയും സംവിധാനവും നിവ്വഹിച്ചുകൊണ്ട്, ജീവന്‍ പദ്മനാഭന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ 'നിയതം' പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ബഹിറിനില്‍ ആണ് ചിത്രീകരിച്ചത്.
ബഹ്‌റൈനില്‍ കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മനോഹരന്‍ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവര്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച ഈ സിനിമയില്‍ ശരത്, മുസ്തഫ ആദൂര്‍, സജിത്ത് മേനോന്‍, ഹനീഫ് മുക്കം, ഗണേഷ് കൂറാറ, രാകേഷ് രാജപ്പന്‍, ജയ രവികുമാര്‍, സൗമ്യ സജിത്ത്, സുവിത രാകേഷ്, രമ്യ ബിനോജ്, ലളിത ധര്‍മരാജന്‍ തുടങ്ങി ബഹിറിനില്‍ നിന്നും നിരവധി കലാകാരന്മാര്‍ അണിനിരന്നിട്ടുണ്ട്.

എഡിറ്റിംഗ് സച്ചിന്‍ സത്യ, പശ്ചാത്തല സംഗീതം വിനീഷ് മണി, കലാസംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവന്‍ കണ്ണപുരം, കൂടാതെ സാങ്കേതിക സഹായികളായി സഹ സംവിധാനം ഹര്‍ഷാദ് യൂസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ഹരി ശങ്കര്‍, അനില്‍ കുമാര്‍, അസിസ്റ്റന്റ് ക്യാമറമേന്‍ പ്രജീഷ് ബാല, മീഡിയ ഡിസൈന്‍ അച്ചു അരുണ്‍ രാജ്, സൗണ്ട് ഡിസൈന്‍ ഫൈനല്‍, മിക്‌സിങ് ശ്രീകുമാര്‍, പ്രൊഡക്ഷന്‍ യൂണിറ്റ് ഫ്‌ലാഷ് സ്റ്റുഡിയോ, കോണ്‍വെക്‌സ് മീഡിയ, പ്രഭു ഹരന്‍, മുസ്തഫ ആദൂര്‍, വിഷ്ണു, ബിജു വിവേക് എന്നിവരാണ്. വിജയന്‍ കല്ലാച്ചി, രാജേഷ് സോമന്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബഹ്‌റൈനിലെ ശ്രദ്ധേയ ഗായകന്‍ ഉണ്ണികൃഷ്ണന്‍, ജെ. സി. ഡാനിയല്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡിനര്‍ഹനായ സുമേഷ് അയ്രൂര്‍ എന്നിവരാണ്.

മാര്‍ച്ച് 7നു പുറത്തിറങ്ങുന്ന ടീസറിനും മാര്‍ച്ച് 12നുള്ള സിനിമ റിലീസിംഗിംനും മുഴുവന്‍ കലാസ്‌നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും ഉണ്ടാകണമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.