മനാമ: പ്രവാസ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവര്‍ത്തനങ്ങളും അജണ്ടയാക്കി മൂല്യബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് 'കൈകോര്‍ക്കാം സാമൂഹിക നന്മക്കായ്' എന്ന പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാമ്പയിന്‍ മാര്‍ച്ച് 5 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. 

പ്രവാസി ഭൂമികയില്‍ സൗഹൃദത്തിലും സഹജീവി സ്‌നേഹത്തിലും അധിഷ്ഠിതമായ പാതയിലൂടെ പ്രവാസികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുക, അവരുടെ ആവശ്യങ്ങള്‍ക്ക് നിയമവിധേയമായ ക്രിയാത്മക പരിഹാരം നിര്‍ദ്ദേശിക്കുക, മാതൃ രാജ്യത്തെ  അവകാശങ്ങള്‍ക്കു വേണ്ടി കൂട്ടായ ഐക്യനിര സൃഷ്ടിച്ചു പരിശ്രമിക്കുക, തുടങ്ങിയ കാലഘട്ടത്തിന്റെ അനിവാര്യതകളാണ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 

തൊഴില്‍ പ്രശ്‌നങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും അകപ്പെട്ട പ്രവാസികള്‍ക്കിടയിലെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തി വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവര്‍ത്തനങ്ങളും സാധ്യമാക്കുക എന്നതാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ ലക്ഷ്യമിടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പ്രേമ ജി. പിഷാരടി മുഖ്യപ്രഭാഷണം നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹറൈനിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39916500 / 36056199 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.