മനാമ; ബഹ്റൈനില്‍ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. രാജ്യത്തു രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അധ്യക്ഷനായ കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വെള്ളിയാഴ്ച തീരുമാനിച്ചത്.

ഇതനുസരിച്ചു ഫെബ്രുവരി ഏഴ് ഞായര്‍ മുതല്‍ ഫെബ്രുവരി 21 ശനിയാഴ്ച വരെ നടപ്പിലാക്കാന്‍ നിരവധി തീരുമാനങ്ങള്‍ എടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 70% ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. ഇന്‍ഡോര്‍ ജിമ്മുകളും സ്പോര്‍ട്സ് ഹാളുകളും നീന്തല്‍ക്കുളങ്ങളും താല്‍ക്കാലികമായി അടയ്ക്കണം, ജിമ്മുകള്‍ക്കും സ്പോര്‍ട്‌സ് ഹാളുകള്‍ക്കുമായി ഔട്ട്ഡോര്‍ വ്യായാമം പരമാവധി 30 വ്യക്തികളുമായി തുടരാം. ഇന്‍ഡോര്‍ വ്യായാമ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. മുപ്പതിലധികം വ്യക്തികളുള്ള എല്ലാ സാമൂഹിക ഒത്തുചേരലുകളും വീടുകളിലടക്കം എല്ലായിടത്തും നിരോധിച്ചിരിക്കുന്നു. ഇവയാണ് തീരുമാനങ്ങള്‍. വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ നടപടികള്‍ കോവിഡ് 19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിനും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ടാസ്‌ക് ഫോഴ്‌സ് എടുത്തുകാട്ടി. ഇക്കാര്യത്തില്‍, എല്ലാ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യം രാജ്യത്തിന്റെ മുന്‍ഗണനയായി തുടരുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് ആവര്‍ത്തിച്ചു, വൈറസിന്റെ അപകടസാധ്യതകള്‍ മനസിലാക്കുന്നതിനും രാജ്യത്ത് രോഗവ്യാപനം തടയുന്നതിനും സമൂഹത്തിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്. സാമൂഹിക അകലം പാലിക്കല്‍ നടപടികളെല്ലാം ജാഗ്രതയോടെ പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്‌ക്‌ഫോഴ്‌സ് ഉയര്‍ത്തിക്കാട്ടി. ടാസ്‌ക്‌ഫോഴ്‌സും അധികാരികളും പുറപ്പെടുവിച്ച തീരുമാനങ്ങളും നടപടികളും ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും  നിയമനടപടി സ്വീകരിക്കും. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രസക്തമായ തീരുമാനങ്ങള്‍ ഏറ്റവും പുതിയ കോവിഡ് സംഭവവികാസങ്ങളും സ്ഥിതിവിവരക്കണക്കുകളും അനുസരിച്ച് അവലോകനം ചെയ്യുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

ജനുവരിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിന്റെ ഭാഗമായി ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്കു ജാഗ്രത വേണമെന്നു നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ അധ്യയനം മാത്രമായിരിക്കും അനുവദിക്കുകയെന്നും നേരിട്ടുള്ള അധ്യയനം നിര്‍ത്തിവെക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കിന്റര്‍ ഗാര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. റെസ്റ്റോറന്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്കു റെസ്റ്റോറന്റുകളിലും കഫെകളിലും അകത്തു ഭക്ഷണം നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഓഫീസുകളിലും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. അശ്രദ്ധയും അലംഭാവവും ഒഴിവാക്കി എല്ലാവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

Content Highlight: Bahrain News