മനാമ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണ തീയതി പ്രഖ്യാപിച്ചപ്പോഴേക്കും പ്രവാസലോകത്തു ആഘോഷം തുടങ്ങിക്കഴിഞ്ഞു. തലൈവരുടെ ബഹ്റൈനിലെ ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രം ബഹ്റൈന്‍ ചാപ്റ്ററാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപെട്ടു ആഘോഷച്ചടങ്ങു സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി സുരേഷ് കാലടി മുഖ്യപ്രഭാഷണം നടത്തി. ജൂഫയര്‍ ഗേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചും പട്ടു പാടി നൃത്തം വെച്ചും ആരാധകര്‍ തകര്‍ത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷരാത്രി അവിസ്മരണീയമായതായി പങ്കെടുത്തവര്‍ പ്രതികരിച്ചു.
പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പരിപാടി ലൈവ് ആയി സംപ്രേഷണം ചെയ്തത് ശ്രദ്ധേയമായി. തലൈവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും അടുത്തുവരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വാന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന ശുഭാപ്തിവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും സുരേഷ് കാലടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് തമിഴ്മക്കള്‍. തലൈവരുടെ പ്രഖ്യാപനത്തോടെ തമിഴ്‌നാട് രാഷ്ട്രീയമേഖലയില്‍ തന്നെ ഒരു ഉണര്‍വ് വന്നിരിക്കുകയാണെന്നും സുരേഷ് പ്രതികരിച്ചു. അടുത്തുവരുന്ന തലൈവരുടെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് സെക്രട്ടറി ഭാരതി വേണുഗോപാലിന്റെ മുഖ്യസംഘാടനത്തില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം രാജേന്ദ്രന്‍ നന്ദി പറഞ്ഞു.