മനാമ: ബഹ്‌റൈനിലെ മുന്‍ പ്രവാസി ദില്‍റാസ് കുന്നുമ്മല്‍ എഴുതിയ 'സീ യു സൂണ്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സമാജം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ദില്‍റാസിന്റെ പിതാവും സമാജം കുടുംബാംഗവുമായ അബ്ദുല്‍ റഹ്മാന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യവേദി കണ്‍വീനര്‍ ഷബിനി വാസുദേവ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ ടി സലിം എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ പിതാവ് അബ്ദുല്‍ റഹ്മാന്‍ നന്ദിയര്‍പ്പിച്ചു സംസാരിച്ചു.
ഇപ്പോള്‍ ഖത്തറില്‍ താമസക്കാരിയായ, ബഹ്റൈന്‍ കേരളീയ സമാജം അങ്കണത്തില്‍ കളിച്ചു വളര്‍ന്ന ദില്‍റാസ് കുന്നുമ്മല്‍, പുസ്തകമെഴുത്തു പോലുള്ള ഗൗരവ ഉത്തരവാദിത്തം നിര്‍വഹിച്ചത് കാണുമ്പോള്‍ അഭിമാനമുണ്ടെന്നും 'സീ യു സൂണ്‍' എന്ന ഇംഗ്ലീഷ് പുസ്തകം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു റഫറന്‍സ് പുസ്തകമാകട്ടെ എന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.