മനാമ: ബഹ്റൈനിലെ പള്ളികളില്‍ ഞായറാഴ്ച പുനരാരംഭിക്കാനിരുന്ന ദുഹ്ര്‍ നമസ്‌കാരം ഒരാഴ്ച കൂടി നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു. പള്ളികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണിതെന്നു നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ചു നവംബര് 8 മുതല്‍ പുനരാരംഭിക്കുവാനാണ് തീരുമാനം.
ബഹ്റൈനില്‍ കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്നു നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ പള്ളികളിലും ദുഹ്ര്‍ നമസ്‌കാരം (മധ്യാഹ്ന പ്രാര്‍ഥന) പുനരാരംഭിക്കുവാന്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ തീരുമാനിച്ചത്.. നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതരുടെ അനുമതിയുടെ വെളിച്ചത്തില്‍ നവംബര് ഒന്ന് മുതല്‍ രാജ്യത്തെ പള്ളികളില്‍ ദുഹ്ര്‍ നമസ്‌കാരം വീണ്ടും ആരംഭിക്കുവാനാണ് സുപ്രീം കൌണ്‍സില്‍ ഫോര്‍ ഇസ്ലാമിക അഫയേഴ്‌സ് തീരുമാനിച്ചിരുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡമനുസരിച്ചു മാത്രമേ ഇത് അനുവദിക്കുകയുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 28 മുതല്‍ വിശ്വാസികള്‍ക്കു പള്ളികളില്‍ സുബ്ഹ് നിസ്‌കാരം അനുവദിച്ചിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്ശനമായി പാലിക്കണമെന്നു നിഷ്‌ക്കര്‍ശിച്ചതിനെത്തുടര്‍ന്ന് നിരവധി കാര്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടാണ് ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥന അനുവദിച്ചത്. ഇവയെല്ലാം വിശ്വാസികള്‍ കര്‍ശനമായി പാലിച്ചുവെന്നതു മനസിലാക്കിയാണ് അടുത്ത ഘട്ടത്തിനു തുടക്കമിടുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28 നാണ് ആദ്യമായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചത്.