മനാമ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ബഹ്റൈന്‍ ചാപ്റ്റര്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികം ആഘോഷിച്ചു. ശോഭനമായ ഭാവിയിലേക്കുള്ള ഗാന്ധിയന്‍ പാരമ്പര്യത്തിന്റെയും ആശയങ്ങളുടെയും പ്രാധാന്യം പ്രാസംഗികര്‍ ഊന്നിപ്പറഞ്ഞു. ഐ.ഒ.സി ചെയര്‍മാനും ടെക്‌നോക്രാറ്റുമായ സാം പിട്രോഡയാണ് വെബിനാര്‍ ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈനിലെ മുന്‍ തൊഴില്‍കാര്യ മന്ത്രിയും അല്‍ഫനാര്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ അബ്ദുള്‍നബി അല്‍ ഷോല രചിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകം സാം പിട്രോഡ ഓണ്‍ലൈന്‍ സെമിനാറില്‍ പുറത്തിറക്കി. സമാധാനവും സമത്വവും സംബന്ധിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാടും അഹിംസാ രീതിയും ഇന്ന് ഏറെ പ്രസക്തമാണെന്ന് പ്രഭാഷകര്‍ പറഞ്ഞു.
മുമ്പത്തേക്കാള്‍ ഗാന്ധിസം ലോകത്തിന് പ്രസക്തമാണെന്നു മുഖ്യാതിഥി സാം പിട്രോഡ പറഞ്ഞു. 'മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മൂല്യങ്ങള്‍ നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്. നമുക്കെല്ലാവര്‍ക്കും ഗാന്ധിയന്‍ മൂല്യങ്ങള്‍ അറിയാം, പക്ഷേ അവ പരിശീലിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന് പ്രധാനപ്പെട്ടത് സത്യവും സമ്പൂര്‍ണ്ണ സമാധാനവുമായിരുന്നു. സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നിവയില്‍ അദ്ദേഹം വിശ്വസിച്ചു. ഈ കാര്യങ്ങളെല്ലാം വളരെ അടിസ്ഥാനപരമാണ്. ഇന്നത്തെ ദൗത്യം നമ്മള്‍ ഓരോരുത്തരും ആത്മ പരിശോധന നടത്താനും ഗാന്ധിയന്‍ മൂല്യങ്ങള്‍ പരിശീലിപ്പിക്കാനും ആയിരിക്കണമെന്നു സാം പിട്രോഡ പറഞ്ഞു.
ബഹ്റൈന്റെ മുന്‍ തൊഴില്‍, സാമൂഹിക കാര്യമന്ത്രി അബ്ദുള്‍നബി അല്‍ഷോല രചിച്ച പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതു അഹിംസയുടെ തത്വത്തെ ഊട്ടിയുറപ്പിക്കുന്നതായി അദേഹം പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ഗാന്ധിജി വാദിച്ചു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രത്യാശയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി അദ്ദേഹം മാറി. ഈ ലോകത്തിലെ ഏറ്റവും പ്രചോദനാത്മക വ്യക്തികളില്‍ ഒരാളായി മഹാത്മാ ഗാന്ധി തുടരുന്നു. ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട സമൂഹത്തിലും ഗാന്ധിയുടെ സന്ദേശങ്ങള്‍ ഇന്ന് കൂടുതല്‍ ആവശ്യവും പ്രസക്തവുമാണ്. ഗാന്ധി നമ്മുടെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തനാകുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളാനുള്ള സമയമാണിതെന്നു അബ്ദുള്‍നാബി അല്‍ഷോല പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും എന്നും പ്രസക്തമായിരിക്കുമെന്നു പറഞ്ഞു. ഇന്ത്യക്കാരെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചുമതല ഗാന്ധിജി ഏറ്റെടുത്തു. അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചപ്പോള്‍ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്കുള്ള പ്രശ്‌നങ്ങള്‍, ധാരാളം പോരാട്ടങ്ങള്‍ എന്നിവ കണ്ടറിഞ്ഞു. സ്വാതന്ത്ര്യം മാത്രമല്ല മറിച്ച് ആളുകള്‍ക്ക് തൊഴില്‍ കണ്ടെത്തുകയും എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുകയും വേണം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗാന്ധിയുടെ പോരാട്ടമാണ് രാജ്യത്തെ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിലേക്ക് കൊണ്ടുപോയത്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ആറുമാസത്തിനുള്ളില്‍ ഗാന്ധി നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ ദൗത്യം സാധിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സത്യവും അഹിംസയും സംബന്ധിച്ച തത്ത്വം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല, വാസ്തവത്തില്‍, ലോകം മുഴുവന്‍ ഗാന്ധിജിയെയും അദേഹത്തിന്റെ ആശയങ്ങളെയും ഉപദേശങ്ങളെയും പിന്തുടരുന്നു- അദേഹം പറഞ്ഞു. ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും ഇന്നും പ്രസക്തമാണെന്ന് ഐ.ഒ.സി മിഡില്‍ ഈസ്റ്റ് ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരെ മാത്രമല്ല, സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെയും പോരാടിയ മഹാനായ നേതാവാണ് മഹാത്മാഗാന്ധിയെന്ന് ഐഒസിയുടെ ചുമതലയുള്ള ഹിമാന്‍സു വ്യാസ് പറഞ്ഞു.
ബഹ്റൈനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സോമന്‍ ബേബി, പി ഉണ്ണികൃഷ്ണന്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ്, സാമൂഹിക പ്രവര്‍ത്തകരായ ഖുര്‍ഷിദ് ആലം, പ്രദീപ് ഷെട്ടി, ഓസ്റ്റിന്‍ സന്തോഷ്, ഷെമിലി പി ജോണ്‍, എബ്രഹാം ജോണ്‍, ജയഫര്‍ മെയ്ദാനി, ബഷീര്‍ അമ്പലായി, ഇബ്രാഹിം അദുഹം എന്നിവരും പങ്കെടുത്തു.