മനാമ: ബഹ്റൈനി സ്വദേശികളും വിദേശികളും ഇന്ന് രാജ്യത്തിന്റെ നാല്പത്തിയൊമ്പതാം ദേശീയ ദിനാഘോഷ ലഹരിയിലാണ്. ദേശീയദിനമായ ഡിസംബര്‍ 16 ന് നിരവധി പരിപാടികളാണ് വിവിധ മന്ത്രാലയങ്ങളും പ്രവാസി സംഘടനകളും ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ കോവിഡ് എന്ന മഹാമാരിക്കു മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ അതിനെയൊക്കെ അതിജീവിച്ചു മുന്നേറുകയാണ് ഈ കൊച്ചു രാജ്യം.
അപ്രതീക്ഷിതമായി കടന്നെത്തിയ മഹാമാരിയെ എങ്ങിനെ ചെറുക്കുമെന്ന ഭീതിയില്ലാതെ ഇച്ഛാശക്തികൊണ്ടു പിടിച്ചുകെട്ടി എന്നതാണ് സത്യം. വികസിത രാജ്യങ്ങളെല്ലാം പകച്ചു നിന്നപ്പോഴും ഒരു ലോക്ക്ഡൗണ്‍ പോലുമില്ലാതെ രോഗവ്യാപനത്തെ മറികടന്ന രാജ്യമാണ് ബഹ്റൈന്‍. കോവിഡ് പ്രതിരോധ വാക്സിന്‍ രാജ്യത്തെ പൗരന്മാര്‍ക്കും വിദേശീയര്‍ക്കും സൗജന്യമായി നല്‍കാനുള്ള ഹമദ് രാജാവിന്റെ തീരുമാനം എല്ലാവരും സസന്തോഷം സ്വാഗതം ചെയ്തു.
വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തി. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു മുന്നേറിയ പാരമ്പര്യമാണ് ബഹ്‌റൈനുള്ളത്. രാജാവ് ഹിസ് മജെസ്റ്റി ഹമദ് ബിന്‍ ഇസ അ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയ ഹൈനസ് പ്രിന്‍സ് സ മാന്‍ ബിന്‍ ഹമദ് അ ഖലീഫയുടെയും ഭരണ സാരഥ്യത്തില്‍ കൃതാര്‍ഥരാണ് രാജ്യത്തെ ജനങ്ങള്‍.
നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവന്ന വര്‍ഷമാണ് 2020. ഇതിനിടയില്‍ ഇസ്രയേലും ബഹ്റൈനും തമ്മിലുള്ള അകല്‍ച്ചക്കു വിരാമമിട്ടുകൊണ്ടു യുഎഇക്കു പിറകെ ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറിന് തയ്യാറായി എന്നതും എടുത്തു പറയത്തക്കതാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രകരാറുകള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ ബഹ്റൈന്‍ സെക്ടറില്‍ വിമാന സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു.
ബഹ്‌റൈന്‍ എക്കാലത്തും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാജ്യമാണ്. മേഖലയിലെ സുരക്ഷ കേന്ദ്ര വിഷയമാക്കി സംഘടിപ്പിച്ച മനാമ ഡയലോഗ് ചിന്തകളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയായി. മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനും ഇതുവഴി സാധിച്ചു. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗഹനമായ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു പരിപാടി. സുരക്ഷാ രംഗത്ത് ബഹ്‌റൈന്‍ നേരിടുന്ന വെല്ലുവിളികളെ അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കാനും ഡയലോഗ് വഴിയൊരുക്കി.
രാജ്യത്തിന്റെ അവകാശങ്ങള്‍ക്കും പരമാധികാരത്തിനും വേണ്ടി ബഹ്‌റൈന്‍ എക്കാലത്തും പൊരുതുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യവും അവകാശങ്ങളും സ്ഥാപിക്കുന്നതില്‍ ബഹ്‌റൈന്‍ വിജയിച്ചിട്ടുണ്ട്. സമഗ്ര പരിഷ്‌ക്കരണ പദ്ധതി ഭരണഘടനാനുസൃതമാക്കിയ നടപടി ഓരോ ബഹ്‌റൈനിക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇവിടെ തുല്യ അവകാശമാണുള്ളത്. യുവാക്കള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ വലിയ പ്രാതിനിധ്യമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ശുറാ കൗണ്‍സിലിലും നയതന്ത്ര കമ്മീഷനുകളിലും സാമുഹ്യ സ്ഥാപനങ്ങളിലും സര്‍ക്കാരിതര സംഘടനകളിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.
തൊഴിലാളികള്‍, സമൂഹം, ജീവനക്കാര്‍, മാധ്യമങ്ങള്‍ സമൂഹം എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുകയും മനുഷ്യാവകാശത്തിന്റേതായ അന്തരീക്ഷം രാജ്യത്ത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലുടനീളം നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു ബഹ്‌റൈന്‍. സുരക്ഷിതവും സുസ്ഥിരവുമായ, പ്രശാന്തത നിറഞ്ഞുനില്‍ക്കുന്ന രാജ്യമാണ് ബഹ്‌റൈന്‍. മാനുഷിക വിഭവമാണ് ബഹ്‌റൈന്റെ ഏറ്റവും വലിയ സ്വത്ത്. മനുഷ്യാവകാശങ്ങളുടെ കാര്യത്തി ബഹ്‌റൈന് മികച്ച റെക്കോഡാണുള്ളത്. ഇതിനായുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കി. 15 വര്‍ഷം മുമ്പ് അറേബ്യന്‍ മനുഷ്യാവകാശ ഭരണഘടനയെ പിന്തുണച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.
1971ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള രാജ്യത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പെട്രോള്‍ കണ്ടെ ത്തിയ ഈ പവിഴദ്വീപ് ഗള്‍ഫിലെ ആദ്യത്തെ ട്രേഡിംഗ് സെന്ററെന്നാണ് ചരിത്രകാരന്മാര്‍ ബഹ്‌റൈനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. 1932ല്‍ പെട്രോള്‍ കണ്ടെത്തുന്നതുവരെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന കുടില്‍ വ്യവസായം കടലില്‍ നിന്ന് പവിഴമുത്ത് ശേഖരിക്കലായിരുന്നു.
ബഹ്‌റൈനില്‍ ഈയ്യിടെ വന്‍തോതില്‍ എണ്ണ, വാതക ശേഖരം കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ കാതലായ മാറ്റമുണ്ടാക്കുമെന്ന രാജാവ് ഹമദ് ബിന്‍ ഈസാ അ ഖലീഫയുടെ പ്രസ്താവനയില്‍ രാജ്യം ആഹ്‌ളാദാരവത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി സമസ്ത മേഖലയിലും വളര്‍ച്ച കൈവരിച്ച രാജ്യം ഇനി എണ്ണയുല്‍പാദനത്തിലും മുന്നോട്ടു വരികയാണ്. തലമുറകളുടെ പാരമ്പര്യവും സംസ്‌ക്കാരവും കൈവിടാതെ ആധുനികതയിലൂന്നി നേട്ടങ്ങള്‍ സ്വായത്തമാക്കുന്ന ഭരണചാരുതയില്‍ ഭരണകര്‍ത്താക്കള്‍ വെന്നിക്കൊടി പാറിച്ചു. ടൂറിസം രംഗത്ത് പുതിയ കാല്‍വെപ്പുകളുമായി രാജ്യം നിരവധി നിക്ഷേപപദ്ധതികള്‍ നടപ്പിലാക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുപോലും നിക്ഷേപകര്‍ ബഹ്‌റൈനെ ഉറ്റു നോക്കുന്നു.