മനാമ: ബഹ്‌റൈനിലെ മാധ്യമരംഗത്ത് ഒരു പുതിയ കാൽവെയ്‌പ്പോടെ തുടക്കമിട്ട ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഒന്നാം വാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ 25 ശനിയാഴ്ച വൈകുന്നേരം 6.30 ന് നടക്കുമെന്ന് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്  അറിയിച്ചു. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്‌സ് മുൻ മന്ത്രിയും നിലവിൽ സസ്റ്റെയ്‌നബ്ൾ എനർജി അതോറിറ്റിയുടെ തലവനുമായ ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ് എക്‌സലൻസ് അവാർഡ് ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിന് സമ്മാനിക്കും. കൂടാതെ ഈ വർഷത്തെ ബിഎംസി സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് സൽമാനിയ  ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ  സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദിന് സമ്മാനിക്കും.

കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി കെ. എസ്. പ്രസാദ്, അമിറ്റി യൂണിവേഴ്‌സിറ്റി അഡൈ്വസറി ബോർഡ് മെമ്പർ ഡോ. എ. മാധവൻ, മ്യൂസിക് ഡയറക്ടർ രാജു രാജൻ പിറവം എന്നിവരെ കൂടാതെ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിക്കും. മുന്നൂറോളം കുട്ടികൾ കല അഭ്യസിക്കുന്ന ഐമാക് കൊച്ചിൻ കലാഭവൻ, ബഹറിൻ മീഡിയ സിറ്റിയുടെ ഭാഗമാണ്. കൂടാതെ വിദ്യാഭ്യാസരംഗത്ത് കയ്യൊപ്പ് ചാർത്തുക എന്ന ലക്ഷ്യവുമായി പുതിയ സംരംഭമായ ഐമാക് അക്കാദമിയും പ്രവർത്തനമാരംഭിച്ചു. മാറിയ സാഹചര്യത്തിൽ ബഹറിൻ മീഡിയ സിറ്റിയിലെ വെർച്ചൽ പ്ലാറ്റ്‌ഫോം ബഹറിനിലെ നൂറുകണക്കിന് കലാകാരന്മാർക്ക് ആശ്രയമായി മാറിയതായി മീഡിയ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഹെഡ് പ്രവീൺ കൃഷ്ണ പറഞ്ഞു.

വാർഷികത്തോടനുബന്ധിച്ച് ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 എന്ന ഓണാഘോഷ പരിപാടിയിൽ, പതിനെട്ട് സംഘടനകളാണ് സഹകരിച്ചത്. മലയാളികളായ എല്ലാവർക്കും ഓണം ആഘോഷിക്കുവാൻ അവസരം ലഭിക്കണം എന്ന ആശയത്തിലൂന്നിയാണ് മീഡിയസിറ്റിയുടെ പ്ലാറ്റ്‌ഫോം സൗജന്യമായി തുറന്നുകൊടുത്തത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകളിൽ വച്ച് മീഡിയ സിറ്റിയുടെ പുതിയ സംരംഭങ്ങളായ ഫിലിം സൊസൈറ്റി, പ്രിവിലേജ് കാർഡ്, ക്വിസ് കോമ്പറ്റീഷൻ, അന്താക്ഷരി മത്സരം, അക്കാദമി, ഭാഷാ പഠന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടതായി ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ശ്രാവണ മഹോത്സവത്തിന്റെ സമാപനദിവസമായ വാർഷികാഘോഷദിനത്തിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഓട്ടംതുള്ളൽ, ചാക്യാർകൂത്ത്, തിരുവാതിര, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. നാളിതുവരെ സഹകരിച്ച മുഴുവൻ പ്രായോജകരെയും കലാകാരന്മാരെയും ബിഎംസി ചാനലുകളുടെ പതിനായിരക്കണക്കിന് പ്രേക്ഷകരെയും നന്ദിയോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹറിൻ മീഡിയസിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മീഡിയ ആൻഡ് അഡ്മിൻ ഹെഡ് പ്രവീൺ കൃഷ്ണ, മുഖ്യ പ്രായോജകരായ യൂണികോ സി. ഇ. ഒ. ജയശങ്കർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.