മനാമ: 'ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്‍ക്കുമാണ്'എന്ന ആശയത്തോടെ, ബഹ്റൈന്‍ കേരളീയ സമാജം മുന്നോട്ടുവച്ച 'ഓണം ഫോര്‍ ഓള്‍' ക്യാമ്പയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച്ച വിവിധ ലേബര്‍ ക്യാമ്പുകളിലെ രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായി ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചടങ്ങില്‍  ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു.

'കോവിഡ് പ്രതിസന്ധികളില്‍ തളര്‍ന്ന് ജീവിക്കുന്ന അനേകം പ്രവാസികള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കാനായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോര്‍ ഓള്‍. താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റു അര്‍ഹതപ്പെട്ട പ്രവാസികള്‍ക്കും ഓണസദ്യ എത്തിച്ചു നല്‍കുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.