Bahrain prime ministerമനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികളെ പങ്കെടുപ്പിച്ച് വെര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. 

ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ട്ടമാണെന്നും പ്രവാസികളെ വളരെയധികം സ്‌നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം എന്നും അനുശോചനത്തില്‍ പറഞ്ഞു. ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ബികെഎസ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു. 

സാമൂഹിക സംഘടനകളുടെ നേതാക്കളും നിരവധി പ്രവാസികളും യോഗത്തില്‍ പങ്കെടുത്തു. ബികെഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, എസ്എംസി എമര്‍ജന്‍സി ഹെഡ് ഡോ. പി.വി.ചെറിയാന്‍, സംസ്‌കൃതി ബഹ്റൈന്‍ പ്രസിഡന്റ് പ്രവീണ്‍ നായര്‍, സെക്രട്ടറി സുരേഷ് കുമാര്‍, ഐസിആര്‍എഫ് ചെയര്‍മാന്‍ അരൂല്‍ദാസ്, ബി കെ എസ് മുന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ചാരിറ്റി കണ്‍വീനര്‍ കെ ടി സലീം, സാമൂഹിക പ്രവര്‍ത്തകരായ സി പി വര്‍ഗീസ്, ശ്യാം നായര്‍, ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്വി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു കുന്നന്താനം, ബഹ്റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും അനുസ്മരിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബി.കെ.എസ് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് നന്ദി അറിയിച്ചു.