മനാമ: ബഹ്റൈന്‍ കേരളീയ സമാജം നീണ്ട ഇടവേളയ്ക്കു ശേഷം അംഗങ്ങള്‍ക്കായി മെംബേഴ്‌സ് നൈറ്റ് സംഘടിപ്പിക്കുന്നു. സമാജത്തില്‍ സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി എല്ലാ അംഗങ്ങള്‍ക്കും സമാജത്തില്‍ നേരിട്ട് വന്നു ഓണ്‍ലൈന്‍ മെംബേഴ്‌സ് നൈറ്റില്‍ പങ്കെടുക്കാം. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് 19  പ്രോട്ടോകോള്‍ പ്രകാരം വിവിധ ഇടങ്ങളിലായിരിക്കും പരിപാടികള്‍ നടക്കുക. പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ ആണ് ഇത്തവണത്തെ മെമ്പേഴ്സ് നൈറ്റിലെ മുഖ്യ ആകര്‍ഷണം.

സമാജം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എം.ജി ശ്രീകുറുമായി സംവദിക്കുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനും അവസരമൊരുക്കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു. വിവിധ ഗെയിമുകളും ഉണ്ടായിരിക്കും. മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട് .ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ സമാജം അംഗങ്ങളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം മെംബര്‍ഷിപ് സെക്രട്ടറി ശരത് നായരെ (39019935) വിളിക്കാവുന്നതാണ്.