മനാമ: ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റത്തോടെ തുടക്കമായി. ഇതിനകം ഓണപ്പാട്ട്, സോപാന സംഗീതം, പഞ്ചാരി മേളം, മൂവി ക്വിസ്, നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബിന്റെ സംഗീത പരിപാടി എന്നിവ അരങ്ങേറി.

ചൊവ്വാഴ്ച ബഹറൈനിലെ പ്രമുഖ നാടന്‍പാട്ട് സംഘമായ ആരവം അവതരിപ്പിക്കുന്ന നാടന്‍പാട്ട് ഉണ്ടായിരിക്കും. തുടര്‍ന്ന് ഓണപ്പുടവ മത്സരവും അരങ്ങേറും. 25 വ്യാഴാഴ്ച തിരുവാതിരയും സിനിമാറ്റിക്ക് ഡാന്‍സും നടത്തും. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമാതാരം രോഹിണിയുമായി നടക്കുന്ന അഭിമുഖ സംഭാഷണം. 26 ന് നടക്കുന്ന കലാപരിപാടികള്‍ക്ക് ടി.വി. അവതാരകനും, നടനുമായ രാജ് കലേഷ് നേതൃത്വം നല്‍കും. ഗായികയും അവതാരകയുമായ ചിത്ര പൈ, മജിഷ്യന്‍ മൂര്‍ത്തി, ഏരിയല്‍ പെര്‍ഫോമര്‍ കിഷോര്‍ തുടങ്ങിയവര്‍ കലേഷിനോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും. 

രജിസ്റ്റര്‍ ചെയ്ത സമാജം അംഗങ്ങള്‍ക്കുള്ള പായസവിതരണം 27ന് (വെള്ളിയാഴ്ച) രാവിലെ നടക്കും. ഉച്ചക്ക് ശേഷം പായസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് ഗൃഹാതുരതയുടെ ഓണം എന്ന പരിപാടിയില്‍ ഗായിക കെ.എസ്. ചിത്രയുമായുള്ള ലൈവ് പ്രോഗ്രാമും ഉണ്ടായിരിക്കും.

ബഹറൈന്‍ കേരളീയ സമാജത്തിന്റെ ഫേസ്ബുക്ക് പേജിലും സൂം പ്ലാറ്റ് ഫോമിലുമാണ് നടക്കുന്നതെന്നും പരിപാടികള്‍ക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും സൂം പ്ലാറ്റ് ഫോമില്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്നും ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ,ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ദിലീഷ്, ജോയിന്റ് കണ്‍വീനര്‍ ആഷ്‌ലി കുര്യന്‍ എന്നിവര്‍ അറിയിച്ചു.