മനാമ: തിരുവന്തപുരത്ത് വച്ചു നടന്ന 'തിര 2021' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനും മികച്ച നടിക്കും ഉള്ള അവാര്‍ഡ് ബഹ്റൈന്‍ കേരളീയ സമാജത്തിലേക്ക്. മനോഹരന്‍ പാവറട്ടി മികച്ച നടനുള്ള പുരസ്കാരവും ഓഡ്രി മറിയം ഹെനെസ്റ്റ് മികച്ച നടിക്കുള്ള പുരസ്കാരവും നേടി. 

കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാജേഷ് സോമന്‍ കഥയും തിരക്കഥയും സംവിധാനവും, ജീവന്‍ പത്മനാഭന്‍ ചായഗ്രഹണവും നിര്‍വ്വഹിച്ച് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വിനോദ് അളിയത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച 'നിയതം' എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മനോഹരന്‍ പാവറട്ടി മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായത്. കോണ്‍വെക്‌സ് മീഡിയയുടെ ബാനറില്‍ അജിത് നായര്‍ കഥയും തിരക്കഥയും സംവിധാനവും ചായഗ്രഹണവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച 'മിസ്റ്റ് ' എന്ന സിനിമയിലെ അഭിനയമാണ് ഓഡ്രി മറിയം ഹെനെസ്റ്റിന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ഈ രണ്ടു സിനിമകളും പൂര്‍ണ്ണമായും ബഹ്റിനില്‍ ആണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. 

കോവിഡ് മഹാമാരി കാലത്തെ പ്രവാസികളുടെ നൊമ്പരങ്ങള്‍ നാട്ടിലെ കുടുംബ പശ്ചാത്തലങ്ങളിലൂടെ കോര്‍ത്തിണക്കി കൊണ്ടുള്ള നേര്‍ കാഴ്ചയുടെ അനുഭവ സാക്ഷ്യമാണ് 'നിയതം' സിനിമയിലൂടെ സുകുമാരന്‍ എന്ന കഥ പാത്രത്തെ അഭിനയമികവിലൂടെ മനോഹരന്‍ പാവറട്ടി അവതരിപ്പിച്ചത്. പ്രവാസ ലോകത്ത് കലയോടുള്ള അഭിനിവേശം നാടക അഭിനയം, സംവിധാനം, കഥാപ്രസംഗം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളില്‍ തന്റെ മികവ് പ്രകടിപ്പിക്കുന്നതോടൊപ്പം മറ്റു സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമാജത്തിന്റെ മുന്‍ നിര പ്രവര്‍ത്തകന്‍ കൂടിയാണ് മനോഹരന്‍ പാവറട്ടി. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും മനോഹരനെ തേടി എത്തിയിട്ടുണ്ട്.  

കലയോടുള്ള അടങ്ങാത്ത അഭിനിവേശം, അതൊന്നു മാത്രമാണ് വിദ്യാര്‍ത്ഥിനിയായ ഓഡ്രിയുടെ മനസ്സിനെ മുന്നോട്ടു നയിച്ചിരുന്നത്. രക്ഷിതാക്കള്‍ പോലും അറിയാതെ പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ പോകുകയും അതിലൂടെ നേരിടുന്ന വിഷമഘട്ടങ്ങള്‍ തുറന്ന് കാട്ടുന്നതുമാണ് 'മിസ്റ്റ് ' എന്ന ടെലി ഫിലിമിലൂടെ അജിത് നായര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. തന്റെ സ്വന്തം പേരിലൂടെയാണ് ഈ കഥപാത്രം ഈ സിനിമയില്‍ ജീവിച്ചതും. ഓഡ്രിയുടെ അഭിനയ മികവിന്റെ സാക്ഷ്യം കൂടിയാണ് ഈ അവാര്‍ഡ്.

രണ്ടു ലക്ഷത്തിലധികം പ്രേക്ഷകര്‍ ഇതിനോടകം കണ്ടുകഴിഞ്ഞ മിസ്റ്റ് ടെലിഫിലിം നായിക ഓഡ്രി മിറിയം ഹെനെസ്റ്റിനു അഭിനയം ഒരിക്കലും ഒരു വിനോദമായിരുന്നില്ല. ജീവിതാഭിലാഷം തന്നെയായിരുന്നു. വളരെ ചെറുപ്പത്തിലേ കലയുടെ നാമ്പുകള്‍ ഓഡ്രിയില്‍ കണ്ടെത്തിയ മാതാപിതാക്കള്‍ നല്‍കിയ പ്രോത്സാഹനം നല്ലൊരു നര്‍ത്തകിയും അഭിനേത്രിയുമാക്കി മാറ്റി. ഓര്‍മ്മ' എന്ന ചലച്ചിത്രത്തില്‍ മുഖ്യവേഷം ചെയ്തുകൊണ്ടാണ് ഓഡ്രി അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'വാതുക്കല് വെള്ളരിപ്രാവ്' എന്ന പാട്ടിനു സ്വയം കൊറിയോഗ്രഫി ചെയ്തു ഓഡ്രി ചെയ്ത നൃത്തം സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായി മാറിയിരുന്നു. സിനിമയിലെ എല്ലാ മേഖലയിലുമുള്ള ഓഡ്രിയുടെ താല്‍പ്പര്യം മൂലം വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് അനിമേഷന്‍ ഐച്ഛിക വിഷയമായെടുത്തു ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷ ബിരുദപഠനം നടത്തുന്നു.

തിരുവനതപുരത്ത് സംഘടിപ്പിച്ച തിര 2021 ഷോര്‍ട് ഫിലിം ഫെസ്റ്റില്‍ അവതരിപ്പിച്ച ' മിസ്റ്റ് ' 'നിയതം' എന്നീ രണ്ടു സിനിമകളിലൂടെ 'മികച്ച നടന്‍' മികച്ച നടി ' എന്നീ രണ്ട് അവാര്‍ഡുകള്‍ ബഹറിന്‍ കേരളിയ സമാജത്തിലേക്ക് എത്തിച്ചേര്‍ന്നത് അഭിമാനകരമാണ്. രണ്ട് സിനിമയുടെയും അരങ്ങിലും അണിയറയിലും സമാജം അംഗങ്ങളും അല്ലാത്തവരുമായ ഒട്ടേറെ കലാകാരന്മാരുടെ കഠിന ശ്രമങ്ങള്‍ ഈ മഹാമാരി കാലത്ത് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു എന്നും, ഇനിയും ഈ രണ്ട് സിനിമകള്‍ കാണാത്തവര്‍ യൂ ട്യൂബ് ചാനലിലൂടെ സിനിമകള്‍ കണ്ട് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി എന്നിവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു