മനാമ: ബഹറൈന്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹകരണത്തോടെ ബഹ്റൈന്‍ കേരളീയ സമാജം വിപുലമായ മെഡിക്കല്‍ സഹായങ്ങള്‍ നാട്ടിലയക്കാനുള്ള ശ്രമത്തിലാണെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ഇന്ത്യ മഹാരാജ്യം ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ കരുതലും കരുണയും ഇന്ത്യയിലേക്ക് ആവശ്യമുണ്ട്.

ഇരുന്നൂറിലധികം ഓക്‌സിജന്‍ സിലിഡണ്ടറുകള്‍ ഇതിനോടകം തന്നെ സമാജം സജ്ജമാക്കിയിട്ടുണ്ട്. മനുഷ്യത്വപരമായ ഈ പരിശ്രമങ്ങള്‍ക്ക് വിദേശ മലയാളികളും സ്വദേശികളും നല്‍കുന്ന സഹകരണം പ്രശംസനീയമാണ് എന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു.

കേരളത്തിലെയും സ്ഥിതി അപകടകരമായ നിലയിലേക്ക് വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നോര്‍ക്കയില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്നും കേരളത്തിലേക്കും പ്രത്യേക ശ്രദ്ധ പതിയേണ്ട സമയമാണെന്നും, മലയാളി സംഘടനകള്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിങ്ങനെ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ കേരളത്തിന്റെ വിഷമാവസ്ഥയില്‍ ഈ സാഹചര്യത്തെ അതീജീവിക്കാനാവുമെന്നും ഇതിനായി എല്ലാ സുമനസ്സുകളും ബഹ്റൈന്‍ കേരളീയസമാജത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓക്‌സിജന്‍ സിലിഡണ്ടറടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ശേഖരണത്തില്‍ പങ്കാളികളാകണമെന്നും  പി.വി രാധാകൃഷ്ണ പിള്ള അഭ്യര്‍ത്ഥിച്ചു.