മനാമ: ബഹ്റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡന്റും സീനിയര്‍ അംഗവുമായ പി ടി തോമസ്  നാല്‍പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ബഹ്റൈനില്‍നിന്നു വിട പറയുന്നു. 

ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ കീഴിലുള്ള റോയല്‍ ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന തോമസ് ബഹ്‌റൈനില്‍ നല്ലൊരു സുഹൃദ് വലയത്തിനു ഉടമയായിരുന്നു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പ്രസിഡണ്ട് സ്ഥാനമടക്കം നിരവധി തവണ ഭരണസമിതിയില്‍ അംഗമായിരുന്നു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ തോമസ് കേരളീയ സമാജത്തിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും മറ്റു പ്രവാസി സംഘടനകളുടെ ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് തന്റെ സജീവ സാന്നിധ്യം അറിയിക്കാറുണ്ടായിരുന്നു. നല്ലൊരു പ്രാസംഗികന്‍ കൂടിയായ തോമസ് അഭിനയരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

സാമൂഹിക സാംസ്‌കാരിക സാഹിത്യ സദസ്സുകളില്‍ നിറ സാന്നിധ്യമായിരുന്ന തോമസിനു കഴിഞ്ഞ ദിവസം ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ വെബിനാറിലൂടെ നടന്ന യാത്രയയപ്പു ചടങ്ങില്‍ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും, മറ്റുള്ളവരും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. 40 വര്‍ഷമായി ബഹ്റൈനിലുള്ള പി ടി തോമസ് സമാജത്തിന്റെ ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നയിച്ച വെബിനാര്‍ യാത്രയയപ്പു ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതവും, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് നന്ദിയും രേഖപ്പെടുത്തി.

സമാജം മെമ്പര്‍ഷിപ് സെക്രട്ടറി ശരത്ത് നായര്‍, ട്രഷറര്‍ മനോജ് സുരേന്ദ്രന്‍, ലൈബ്രേറിയന്‍ വിനൂപ് കുമാര്‍ മുന്‍ പ്രസിഡണ്ട് ജോണ്‍ ഐപ്പ്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ എം പി രഘു, വീരമണി, മധു മാധവന്‍, രാജു നായര്‍, സുബൈര്‍ കണ്ണൂര്‍, മോഹന്‍ രാജ്, എന്‍ കെ മാത്യു, മനോജ് സകരിയ, മോഹിനി തോമസ്, ജയശ്രീ സോമനാഥ്, രജിത സുനില്‍, രാജേഷ് ചേരാവള്ളി, മഹേഷ്, പ്രവീണ്‍ നായര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ പി ടി തോമസിന് ആശംസകള്‍ നേര്‍ന്നു. മറുപടി പ്രസംഗത്തില്‍ ഇത്തരത്തിലുള്ള യാത്രയയപ്പു സംഘടിപ്പിച്ച രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള സമാജം ഭരണ സമിതിക്കു അദ്ദേഹം നന്ദി അറിയിച്ചു.