മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ദുമിസ്ഥാന്‍ വര്‍ക്ക് സൈറ്റിലെ 125 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഐസിആര്‍എഫിന്റെ വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021 ന്റെ ഭാഗമായി ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടത്തിയത്. 

കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ലൈയറുകള്‍ക്കൊപ്പം ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു. 

തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. 

ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ഐ.സി.ആര്‍.എഫ് തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, നാസര്‍ മഞ്ചേരി, പവിത്രന്‍ നീലേശ്വരം, അനുപമ ബിനു എന്നിവര്‍ പങ്കെടുത്തു.