മനാമ: ബഹ്‌റൈനിൽ പാർലമെന്റ്, മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രാവിലെ മുതൽ പോളിങ്‌ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ബഹ്‌റൈൻ സർക്കാരിനുള്ള ജനങ്ങളുടെ പിന്തുണയാണ് വോട്ടുചെയ്യാൻ ജനങ്ങൾ കാണിക്കുന്ന താത്‌പര്യം സാക്ഷ്യപ്പെടുത്തുന്നതെന്ന് ബഹ്‌റൈൻ നീതിന്യായവകുപ്പു മന്ത്രി ശെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഒരു വൻ വിജയമാക്കാൻ യത്‌നിച്ച മന്ത്രാലയം ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും സർവോപരി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെയും മന്ത്രി അഭിനന്ദിച്ചു. ഇത്തവണ സ്ത്രീകളുടെ സ്ഥാനാർഥിത്വത്തിൽ റെക്കോഡാണ്. 47 വനിതാ സ്ഥാനാർഥികളാണ് ഇത്തവണ മത്സരിച്ചത്. ആകെ 3,65,000 വോട്ടർമാരാണ് ബഹ്‌റൈനിലുള്ളത്. തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

രാവിലെ എട്ടുമുതൽ വെകീട്ട് എട്ടുവരെയായിരുന്നു വോട്ടെടുപ്പ്. രാവിലെമുതൽക്കുതന്നെ എല്ലാ പോളിങ്‌ സ്റ്റേഷനുകളിലും നീണ്ട ക്യൂ തന്നെയായിരുന്നു. ഇത്തവണയും സ്ത്രീ വോട്ടർമാരിൽ ഭൂരിഭാഗവും വോട്ടു രേഖപ്പെടുത്തിയതായാണറിവ്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാതിരിക്കാൻ ക്ലോസ്ഡ് സർക്യൂട്ട് ടിവി വരെയുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടും സ്മാർട്ട് കാർഡുമായി വരുന്നവർക്കു മാത്രമേ വോട്ടുചെയ്യാൻ അനുവാദം നൽകിയിരുന്നുള്ളു. വിദേശത്തുനിന്നുള്ള 120 മാധ്യമപ്രവർത്തകർ തിരഞ്ഞെടുപ്പ് റിപ്പോർട്ടു ചെയ്യാനെത്തിയിട്ടുണ്ട്.

വോട്ടുചെയ്യാൻ ഒട്ടേറെ ഇന്ത്യക്കാരും പോളിങ്‌ ബൂത്തിലേക്കു നീങ്ങി. ബഹ്‌റൈനി പൗരത്വവും സ്വന്തമായി വസ്തുവുമുണ്ടെങ്കിൽ ബഹ്‌റൈനിൽ വോട്ടവകാശം ലഭിക്കും.