മനാമ: ബഹ്‌റൈനില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാര്‍ കടലില്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശി അഖില്‍ ചാലിപ്പാട്ട് (34), മംഗലാപുരം സ്വദേശിനി രേണുക വസന്ത് കര്‍ക്കേര (56) എന്നിവരാണ് മരിച്ചത്.

മനാമ യൂനിടാഗ് ഗ്രൂപ്പിന്റെ ക്‌ളീനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അഖില്‍ ഞായറാഴ്ച വൈകിട്ട് ഏഴരയോടെ സുഹൃത്തുക്കളൊന്നിച്ച് സല്ലാഖിലെ അല്‍ ജസയിര്‍ ബീച്ചില്‍ നീന്താനിറങ്ങിയതാണ്. പിന്നീട് രാത്രി പത്തു മണിയായപ്പോള്‍ അഖില്‍  മുങ്ങിമരിച്ചുവെന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന്  യൂനിടാഗിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.  അവിഹാഹിതനാണ് അഖില്‍. 

രേണുക മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം ശനിയാഴ്ച രാവിലെ ബുദയ്യ ബീച്ചില്‍ പോയതാണ്. ഉച്ചയോടെ ഇവര്‍ ആറുപേര്‍ ഒരു ബോട്ടില്‍ സവാരിക്കിറങ്ങി. ബോട്ട് പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്.  ബാക്കിയുള്ളളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും രേണുകക്ക് രക്ഷപ്പെടാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.