മനാമ: ബഹ്‌റൈന്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ്) ഓണ്‍ലൈന്‍ സമാപിച്ചു. സഭാ വികാരി ഫാ. ഷാബു ലോറന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെന്നൈ ഗുരുകുല്‍ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിനോദ് എസ്. സൈലസ് മുഖ്യ അതിഥി ആയിരുന്നു. 

കോവിഡ് മഹാമാരി കാലട്ടത്തില്‍ അതിജീവനത്തിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ കാലഘട്ടത്തെയും അതിജീവിക്കാനും, നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച് മുന്നേറാനും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സണ്ടേ സ്‌കൂള്‍ ട്രഷറര്‍ അനിഷ അജീഷ് സ്വാഗതം ആശംസിച്ച യോഗത്തില്‍ വിക്ടര്‍ രാജ്, സുജിത് സുഗതന്‍, പത്രോസ് സുവിശേഷകര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കയും സണ്ടേ സ്‌കൂള്‍ സെക്രട്ടറി സുനില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

'നാം അതിജീവിക്കും' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ക്ക് ബ്ലെസ്സന്‍ ലാല്‍, സുജിന്‍, അനു, ആഭിന്‍, റിയ ബ്ലസ്സന്‍, ബിനിഷ എന്നിവര്‍ നേതൃത്വം നല്‍കി. തെലങ്കാന മിഷനറി  ബിജു ജപസിംഗ്, മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ബഹ്‌റൈന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നായി നൂറിലേറെ കുട്ടികളും സഭയിലെ സണ്ടേ സ്‌കൂള്‍ അധ്യാപകരും പങ്കെടുത്തു. ജൂലൈ 23 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ 6 വരെ 'നാം അതിജീവിക്കും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വി.ബി.എസിലെ പാട്ടുകളും കഥകളും, പാഠങ്ങളും കളികളും അടങ്ങിയ ക്ലാസുകള്‍ വളരെ പ്രയോജനകരമായിരുന്നുവെന്ന് അധ്യാപകരും, വിദ്യാര്‍ത്ഥികളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും വി.ബി.എസ് സമര്‍പ്പണവും നടന്നു. സഭാ സെക്രട്ടറി സി.വിജയന്‍, അക്കൗണ്ടന്റ് ഷിബു കുമാര്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും നിരവധി മാതാപിതാക്കളും സന്നിഹിതരായിരുന്നു.