മനാമ: ബഹ്റൈനില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപെടുത്തിയതിനെത്തുടര്‍ന്ന് ജൂലൈ 23 മുതല്‍ വീണ്ടും ഗ്രീന്‍ അലേര്‍ട്ട് ലെവല്‍ ഏര്‍പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചു. 

ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തു ഗ്രീന്‍ അലേര്‍ട്ട് ലെവല്‍ ഏര്‍പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ യെല്ലോ അലേര്‍ട്ട് ലെവല്‍ ഏര്‍പെടുത്തുകയായിരുന്നു. അറഫാ, ഈദ് ദിനങ്ങള്‍ പ്രമാണിച്ചു തിങ്കള്‍ മുതല്‍ നാലു ദിവസം അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലക്കാണ് യെല്ലോ ലെവല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പോസിറ്റിവിറ്റി വീണ്ടും കുറഞ്ഞതിനെത്തുടര്‍ന്നു വെള്ളിയാഴ്ച മുതല്‍ വീണ്ടും രാജ്യം ഗ്രീന്‍ അലേര്‍ട്ട് ലെവലിലേക്കു നീങ്ങുകയാണ്. രാജ്യത്തു ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണവും മരണനിരക്കും വളരെയേറെ കുറഞ്ഞു എന്നത് ആശ്വാസജനകമാണ്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം ഇളവുകള്‍ നല്‍കുന്നുവെങ്കിലും രാജ്യത്തു ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധമാര്‍ഗങ്ങള് എല്ലാവരും തുടര്‍ന്നും സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പോസിറ്റിവിറ്റി നിരക്ക് ഇടയ്ക്കിടെ അവലോകനം ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 

ഗ്രീന്‍ ലെവല്‍ ഏര്‍പെടുത്തുമ്പോള്‍ സിനിമ തീയേറ്ററുകള്‍, ഇന്‍ഡോറില്‍ നടക്കുന്ന കോണ്‍ഫെറന്‍സുകള്‍, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ എന്നിവയില്‍ വാക്സിനേഷന്‍ എടുത്തു ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്കും അവരോടൊപ്പം വരുന്ന 12 വയസ്സില്‍ത്താഴെ പ്രായമുള്ള കുട്ടികള്‍ക്കും രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ബാക്കിയുള്ള ഭൂരിഭാഗം സ്ഥലങ്ങളിലും വാക്സിന്‍ എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും. പ്രധാനമായും ഷോപ്പിംഗ് മാളുകള്‍, ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ജിം, സ്‌പോര്‍ട്‌സ് ഹാള്‍, സ്വിമ്മിങ് പൂള്‍, ബാര്‍ബര്‍ ഷോപ്, സലൂണ്‍, സ്പാ, പ്ലേയ്ഗ്രൗണ്ട്, എന്റര്‍ടൈന്‍മെന്റ് സെന്ററുകള്‍, ഗവണ്മെന്റ് സെന്ററുകള്‍, ഔട്‌ഡോര്‍ ഇവെന്റുകള്‍, കോണ്‍ഫറന്‍സുകള്, ഔട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ തുടങ്ങിയ എല്ലായിടത്തും വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താല്പര്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളില്‍ എത്തുന്നതിനും തടസ്സമില്ല.