മനാമ:പ്രമുഖ നാടക പ്രവര്‍ത്തകനും സിനിമാ സീരിയല്‍ നടനും പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന കണ്ണൂര്‍ നെരുവമ്പ്രത്ത് പാലങ്ങാട്ട് വീട്ടില്‍ പത്മനാഭന്റെ (പപ്പന്‍ ചിരന്തന) നിര്യാണത്തില്‍ ബഹ്‌റൈന്‍ പ്രതിഭ അനുശോചിച്ചു. ബഹ്‌റൈന്‍ പ്രതിഭ, ബഹ്‌റൈന്‍ കേരളീയ സമാജം തുടങ്ങിയ സംഘടനകളില്‍ നേതൃത്വപരമായ പങ്കു വഹിച്ച പപ്പന്‍ ബഹ്‌റൈനിലെ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. 

നിരവധി അമേച്വര്‍ നാടകങ്ങളുടെ സംവിധായകനും ഷോര്‍ട്ട് ഫിലിം അഭിനേതാവുമായിരുന്നു. സര്‍വ്വ ജീവിത മണ്ഡലങ്ങളിലും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന തികഞ്ഞ സര്‍ഗ്ഗാത്മകതയുള്ള പൊതുപ്രവര്‍ത്തകനായിരുന്ന പപ്പന്‍ ചിരന്തന, ബഹ്‌റൈനില്‍ ജി.എ.നായര്‍ സംവിധാനം ചെയ്ത രാജസഭ, മേടപത്ത്, യന്ത്രപ്പാവ, മോഹന്‍ രാജ് സംവിധാനം ചെയ്ത ട്രുത്ത് ഇന്ത്യ ടി.വി.ചാനല്‍, സ്വയം സംവിധാനം ചെയ്ത നാടകം സ്വയം വരം, മണ്ണ്, എന്റെ പുള്ളി പയ് കരയുന്നു (റേഡിയോ നാടകം-മികച്ച നടന്‍) എന്നിവയിലൊക്കെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. സ്‌നേഹ വീട്, ചായില്യം, പേടിതൊണ്ടന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ കഥ പറയുന്ന സിനിമ 'അമീബ' യില്‍ പപ്പന്‍ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധനേടി.

നെരുവമ്പ്രത്തെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഏഴോം ഫൈനാര്‍ട്ട്‌സ് സൊസൈറ്റിയുടെ (ഫെയ്‌സ്) സെക്രട്ടറി, നെരുവമ്പ്രം ജനകീയ കലാസമിതിയുടെ സെക്രട്ടറി, ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തക സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഏഴോം യൂണിറ്റ് സെകട്ടറി, സി.പി.എം നെരുവമ്പ്രം ബ്രാഞ്ച് അംഗം, നാടക് ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു വരികയായിരുന്നു. തികഞ്ഞ ശാന്തതയും സമചിത്തതയും സ്‌നേഹവും മറ്റു നാടകക്കാര്‍ക്കിടയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. സംവിധായകനെന്ന നിലയില്‍ സഹ കലാകാരന്മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജോലിക്ക് അതിരാവിലെ എത്തിച്ചേരേണ്ടതാണെങ്കിലും പ്രതിഭയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നും വളരെ വൈകി പോവുകയും നാടകത്തോടുള്ള പ്രതിബദ്ധത മുറുകെ പിടിച്ച മിതഭാഷിയും ഘനഗംഭീരമാര്‍ന്ന ശബ്ദത്തിന്റെ ഉടമയുമായിരുന്നു സഖാവ് പപ്പേട്ടന്‍ എന്നും യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. കലാകാരന്‍മാരെ വിലമതിക്കാന്‍ കഴിഞ്ഞ വിശാല ഹൃദയനായ പപ്പേട്ടന്റെ മികച്ച നാടക സംസ്‌കാരം, വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കലാണ് പപ്പേട്ടനോട് ചെയ്യാവുന്ന ഏറ്റവും വലിയ അനുസ്മരണമെന്നും സംസാരിച്ചവര്‍ കൂട്ടി ചേര്‍ത്തു.

പ്രതിഭ ആസ്ഥാനത്തു ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ശശിധരന്‍ ഉദിനൂര്‍ അദ്ധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സുബൈര്‍ കണ്ണൂര്‍, എ.വി. അശോകന്‍, വീരമണി, രാമചന്ദ്രന്‍ ഒഞ്ചിയം, ഷെറീഫ് കോഴിക്കോട്, ട്രഷറര്‍ മിജോഷ് മൊറാഴ, നാടക പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, ഷീജ വീരമണി, ഷീബ രാജീവന്‍, നാടക വേദി കണ്‍വീനര്‍ മനോജ് തേജസ്വിനി, സുഹൃത്തും നാടക കലാകാരനുമായ ഗണേശ് കുറാറ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.