മനാമ: ഇന്ത്യയില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം എം കെ രാഘവന്‍ എം പി മുഖേന കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് നിവേദനം സമര്‍പ്പിച്ചു. 

ലോ റിസ്‌ക് രാജ്യങ്ങള്‍ ആയ ഗള്‍ഫ് മേഖലയില്‍ നിന്ന് അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നാട്ടില്‍ പോകാന്‍ പറ്റാത്ത പ്രവാസികള്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ നാട്ടിലേക്ക് പോകുന്നുള്ളൂ. 

യാതൊരു പഠനവും നടത്താതെ, പ്രവാസികള്‍ ആണ് കോവിഡ് പരത്തുന്നത് എന്ന തെറ്റിദ്ധാരണ രാജ്യത്ത് സൃഷ്ടിക്കാന്‍ മാത്രമേ ഇത് ഉപകരിക്കു. അത് കൊണ്ട് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാര്‍ ആകണമെന്നും രാജു കല്ലുംപുറം ആവശ്യപ്പെട്ടു.