മനാമ: ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 50-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക, സാമൂഹ്യ സംഘടനയായ നവ്ഭാരത് ബഹ്‌റൈന്‍ കാഴ്ചവെച്ച ഡോക്യുമെന്ററി ഫിലിം 'ദി ഗോള്‍ഡന്‍ ഗ്ലിംപ്‌സ്' ബഹ്റൈന്‍ കള്‍ച്ചറല്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ബഹ്റൈന്‍ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് എ അസീസ് അല്‍ ഖയാത്, ബിസിസിഐ കമ്മിറ്റി അംഗം ബസാം അല്‍ സയെ, സാന്റി എക്സ്‌കവേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ രമേഷ് രംഗനാഥന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ബഹ്‌റൈനിലെ മുന്‍ തൊഴില്‍ വകുപ്പുമന്ത്രി അബ്ദുല്‍ നബി അല്‍ ഷോല, പ്രമുഖ വ്യവസായികളായ മുകേഷ് ഗാന്ധി, ബോബ് സി താക്കര്‍, സുശീല്‍ മുല്‍ജിമല്‍, ഭഗ്‌വാന്‍ അസര്‍പോട്ട, തുടങ്ങിയവരും മറ്റ് പ്രമുഖരും ഡോക്യുമെന്ററിയില്‍ തങ്ങളുടെ ബഹ്‌റൈനിലെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണെന്നും ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തോടു കാണിക്കുന്ന കൂറിന് നന്ദിയുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇരു രാജ്യങ്ങളും സൗഹൃദരാജ്യമായി ഇനിയും നൂറ്റാണ്ടുകള്‍ തുടരട്ടെ. ബഹ്‌റൈന്റെ ആതിഥ്യമര്യാദ പ്രശസ്തമാണ്. ബഹ്‌റൈന്റെ വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം വഹിച്ചിട്ടുള്ള പങ്ക് അഭിമാനാര്‍ഹമാണ്. 

ഹമദ് രാജാവിന്റെയും ബഹ്‌റൈന്‍ കിരീടാവകാശിയുടേയും ഇന്ത്യാ സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം നിലനിര്‍ത്തുന്നതും ബന്ധങ്ങളുടെ ഊഷ്മളതയാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. വീടു വിട്ടാല്‍ മറ്റൊരു വീടെന്ന നിലയിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബഹ്‌റൈന്‍ എന്ന് ഡോക്യുമെന്ററിയില്‍ പ്രതികരിച്ച ബഹ്‌റൈനിലെ ഇന്ത്യന്‍ വ്യവസായികള്‍ പറഞ്ഞു. നിക്ഷേപരംഗത്തും മറ്റു സമസ്ത മേഖലകളിലും ബഹ്‌റൈന്‍ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന പിന്തുണ അഭിനന്ദനീയമാണെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി രചനയും സംവിധാനവും നിര്‍വ്വഹിച്ചത് രാജീവ് നായരാണ്.