മനാമ : അവധിക്ക് നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു എന്നും, ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം എന്നും ബഹ്റൈന്‍ ഒഐസിസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ തെരഞ്ഞെടുപ്പ് യോഗങ്ങളും, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളും നടക്കുമ്പോള്‍ വ്യാപിക്കാത്ത കൊറോണ വൈറസ്, വാക്‌സിന്‍ രണ്ടു ഡോസും, ബൂസ്റ്റര്‍ ഡോസും എടുത്തിട്ട്, 48 മണിക്കൂറിനുള്ളില്‍ ഉള്ള ആര്‍ ടി പി സി ആര്‍ പരിശോധനയും, നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ വച്ചുള്ള പരിശോധനയും പൂര്‍ത്തിയാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ ആണ് കൊറോണ വൈറസ് വ്യാപനത്തിന് കാരണക്കാര്‍ എന്നുള്ള തരത്തില്‍ തീരുമാനം എടുക്കുന്ന ഭരണാധികാരികള്‍ തങ്ങളുടെ വീഴ്ചമൂലം സംഭവിക്കുന്ന വ്യാപനം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും ഒഐസിസി പറഞ്ഞു.

കൊറോണ സാന്നിധ്യം കൂടുതല്‍ ഉള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് യാതൊരു പരിശോധനയും ഇല്ല, ക്വാറന്റൈനും ഇല്ല എന്നത് വിരോധാഭാസം ആണ്.
കൊറോണ ആരംഭിച്ച കാലം മുതല്‍ പ്രവാസികളോട് സര്‍ക്കാരുകളുടെ മനോഭാവം തികച്ചും മോശമായ രീതിയില്‍ ആണ്. മാതാപിതാക്കളുടെയോ, അടുത്ത ബന്ധുക്കളുടെയോ മരണാനന്തര ചടങ്ങുകള്‍ക്കും, മക്കളുടെയും, മറ്റ് ബന്ധുമിത്രാദികളുടെയും വിവാഹത്തിനോ, കുട്ടികളുടെ അഡ്മിഷനോ ഒന്നോ, രണ്ടോ ആഴ്ചത്തെ അവധിക്ക് നാട്ടില്‍ എത്തുന്ന പ്രവാസികളോട് സര്‍ക്കാരുകള്‍ കാട്ടുന്നത് ക്രൂരമായ നടപടി ആണെന്നും ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. 

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ചാരിറ്റി വിഭാഗം സെക്രട്ടറി മനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.