മനാമ: ബഹാറൈന്‍ മീഡിയ സിറ്റിയുടെ പിന്തുണയോടെ ലൂം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച 'അദ്ധ്യായം 18 വാക്യം 9' എന്ന ഹ്രസ്വചിത്രം ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ഡിസംബര്‍ പതിനൊന്നാം തീയ്യതി പ്രദര്‍ശിപ്പിക്കും. അനീഷ് നിര്‍മ്മലന്റെ രചനയില്‍, രെമു രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ സി.ബി ക്യാമറയും, എഡിറ്റിങ്ങും ചെയ്ത പൂര്‍ണ്ണമായും ബഹ്‌റൈനില്‍ ചിത്രീകരിച്ച ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് കെവിന്‍ ഫ്രാന്‍സിസ് ആണ്. ജയശങ്കര്‍ മുണ്ടഞ്ചേരി, കാര്‍ത്തിക്ക് മധുസൂദനന്‍, ശ്രീജിത്ത് ഫറോക്ക്, ഷിജി മാത്യു, ഷാഗിത്ത് രമേഷ്, സിംല ജാസിം, ശരണ്യ ശ്രീകാന്ത് തുടങ്ങി ഇരുപതിലധികം പേര്‍ ഈ സിനിമയില്‍ അഭിനേതാക്കളായിട്ടുണ്ട്.

പതിനൊന്നാം തീയ്യതി വൈകിട്ട് നാല് ഷോ ആണുള്ളത്. ഇരുപ്പത്തഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ, ആദ്യദിവസത്തെ പ്രദര്‍ശനത്തിനു ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ഉണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തില്‍ രെമു രമേഷ്, അനീഷ് നിര്‍മ്മലന്‍, ശ്രീജിത്ത് ഫറൂഖ് തുടങ്ങിയവര്‍ അറിയിച്ചു.