മനാമ: കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമ്പോള്‍ പ്രവാസി കുടുംബങ്ങളേയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം തീരുമാനിച്ചു. 

കോവിഡ് മഹമാരിയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തയാറാകുന്ന അവസരത്തില്‍ വിദേശത്തു മരണമടഞ്ഞവര്‍ ഈ ആനുകൂല്യത്തിന് അഹരല്ല എന്ന തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍, തീരുമാനത്തില്‍ നിന്നും പിന്മാറണം എന്നും പ്രവാസ ലോകത്തു കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ജീവിത ആശ്രയം നിലച്ചിരിക്കുന്ന യാഥാര്‍ഥ്യം അതിന്റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാര്‍ നല്‍കുന്ന 50000 രൂപ പ്രവാസി കുടുംബങ്ങള്‍ക്കും അവകാശപെട്ടത് തന്നെ ആണെന്നും യോഗം വിലയിരുത്തി. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രവാസികള്‍ക്ക് അനുകൂല തീരുമാനത്തില്‍ എത്തുന്നതിനു പ്രവാസികളുടെ വിഷയം കാര്യ ഗൗരവത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഇടപെടണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നിവേദനം നല്‍കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഈ വിഷയത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തി ഈമെയില്‍ ഹരജി സമര്‍പ്പിക്കാനും പ്രവാസ മേഖലയില്‍ ഇടപെടുന്ന സാമൂഹിക നേതാക്കളെ ഉള്‍പ്പെടുത്തി യോജിച്ചുള്ള ഇടപെടലുകള്‍ക്ക് വഴിയൊരുക്കാന്‍ ശ്രമം ഉണ്ടാകണം എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജനറല്‍ സെക്രട്ടറി കെ വി മുഹമ്മദലി സംസാരിച്ചു. റംഷി വയനാട്, സകരിയ ചാവക്കാട്, മുസ്തഫ ടോപ്പ് മാന്‍ എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് അഷറഫ് നന്ദിയും പറഞ്ഞു.