മനാമ: സയന്‍സ് ഇന്ത്യാ ഫോറം ബഹ്‌റൈന്‍, വിജ്ഞാന ഭാരതിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യന്‍ എംബസി ഹാളില്‍ നടന്ന ചടങ്ങില്‍ തേര്‍ഡ് സെക്രട്ടറി ഇജാസ് അസ്‌ലം ഫലപ്രഖ്യാപനം നടത്തി. മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ ശാസ്ത്ര പ്രതിഭ പരീക്ഷ നടന്നത്. ബഹ്‌റൈനിലെ എട്ട് സ്‌കൂളുകളില്‍നിന്ന് 11,500 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷയില്‍ 1759 കുട്ടികള്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടി. അതില്‍ നിന്ന് 88 കുട്ടികളാണ് അവസാന ഘട്ട പരീക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ നിന്ന് ഓരോ ഗ്രേഡിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു കുട്ടികളെ വീതം ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചു. 128 കുട്ടികള്‍ എ പ്ലസ് ഗ്രേഡും 186 കുട്ടികള്‍ എ ഗ്രേഡും കരസ്ഥമാക്കി.

എംബസി ഹാളില്‍ നടന്ന ഫലപ്രഖ്യാപന ചടങ്ങില്‍ സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര, ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മ്മരാജ്, ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രവി വാര്യര്‍, മെംബര്‍ ഡോ. ബാബു രാമചന്ദ്രന്‍, പി.ആര്‍.ഒ അനിലാല്‍ എന്നിവര്‍ സംബന്ധിച്ചു. ശാസ്ത്ര പ്രതിഭകള്‍ക്ക് ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കുമെന്ന് സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അറിയിച്ചു.