മനാമ:ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം തങ്ങളുടെ ചിരകാലാഭിലാഷം സാധിച്ച നിര്‍വൃതിയിലാണ്. മനാമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസ്സിയുടെ ഔട്‌സോഴ്‌സിങ് കേന്ദ്രം ഐ വി എസ് സെന്റര്‍, മനാമയില്‍നിന്നു ഏറെ സൗകര്യപ്രദമായ ദാനമാളിലേക്കു മാറ്റി സ്ഥാപിച്ചു. വ്യാഴാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ ഐ വി എസ് ബഹ്റൈന്‍ ചെയര്‍മാന്‍ ഫൈസല്‍ ഖാലിദ് കാനു, സി ഇ ഓ ശിവം ധാക്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഓഫീസ് മാറ്റിസ്ഥാപിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നു അംബാസഡര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും വളരെ വേഗത്തില്‍ എത്തിപ്പെടാനുള്ള സൗകര്യവും, ഓഫീസിനടുത്തുതന്നെ ബാങ്ക് എ ടി എം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയും ഉള്ളത് സാധാരണക്കാര്‍ക്ക് ഏറെ സൗകര്യപ്രദം തന്നെയാണ്. ഇന്ത്യന്‍ എംബസ്സിയില്‍ ചെയ്തിരുന്ന പാസ്‌പോര്‍ട്ട് സംബന്ധമായ നടപടികളും മറ്റു കോണ്‍സുലാര്‍ സേവനങ്ങളും നിലവില്‍ ഈ ഓഫീസ് വഴിയാണ് ചെയ്യുന്നത്. 

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെയും ഉച്ച കഴിഞ്ഞു രണ്ടു മുതല്‍ അഞ്ചു മണിവരെയുമാണ് പ്രവര്‍ത്തന സമയം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മുന്‍കൂട്ടിയുള്ള രെജിസ്‌ട്രേഷന്‍  ആവശ്യമാണെന്ന് ഐ വി എസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു. ദാനമാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഫോണ്‍ നമ്പര്‍: 13633433, 66391616. ഇമെയില്‍: info.bahrain@ivsglobal.in.