മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, കേരളപ്പിറവിയോട് അനുബന്ധിച്ച് മലയാള ദിനം ആഘോഷിച്ചു. മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനിന്ന പരിപാടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നു. 4 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവരവരുടെ വീടുകളില്‍ നിന്ന് വിവിധ പരിപാടികളില്‍ പങ്കെടുത്തു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടികള്‍ ഏകോപിപ്പിച്ചു. പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. കവയിത്രി സുഗതകുമാരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

നമ്മുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പഠിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപകന്‍ ജോസ് തോമസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. പരിപാടിയില്‍ മലയാളം വിഭാഗത്തിലെ അധ്യാപകര്‍ സന്ദേശം നല്‍കി. കവിതാ പാരായണം, പ്രസംഗം, ഗാനങ്ങള്‍, കേരള നടനം, പോസ്റ്റര്‍ പ്രദര്‍ശനം, കഥാപ്രസംഗം തുടങ്ങി വിവിധ വിനോദ പരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ട, വിദ്യാര്‍ഥികളുടെ പവര്‍പോയിന്റ് അവതരണങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. 

പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.