മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ ക്യാമ്പസില്‍ ശിശു ദിനം വിവിധ പരിപാടികളോടെ ഓണ്‍ലൈനായി ആഘോഷിച്ചു. കുട്ടികള്‍ ഉത്സാഹത്തോടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു ചാച്ചാ നെഹ്റുവിന്റെ സ്മരണകള്‍ പുതുക്കി. ഈ ദിനം അവിസ്മരണീയമാക്കാന്‍ മിഡില്‍ വിഭാഗം ഒരു വെര്‍ച്വല്‍ അസംബ്ലി സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രാര്‍ത്ഥന ചൊല്ലിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 

തുടര്‍ന്ന് ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രഭാഷണം നടന്നു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത് എന്ന വസ്തുത വൈസ് പ്രിന്‍സിപ്പല്‍ വിനോദ് എസ്, പ്രധാന അധ്യാപിക പാര്‍വതി ദേവദാസ് എന്നിവര്‍ ഊന്നിപ്പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മിഡില്‍ വിഭാഗം മത്സരങ്ങളും നടത്തി. 

ശിശുദിന പരിപാടികളില്‍ വളരെ ആവേശത്തോടെ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.