മനാമ: ടി. എസ്. ജ്ഞാനവേല്‍ തമിഴില്‍ സംവിധാനം ചെയ്ത ജയ് ഭീം സിനിമയുടെ കാഴ്ചക്കപ്പുറം സംവേദനം ചെയ്ത് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. സമൂഹത്തിലെ അരികവല്‍ക്കരിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ഥ്യത്തിന്റെയും ഇന്നും തുടരുന്ന അരാജകത്വത്തിന്റെയും നേര്‍ചിത്രത്തിലേക്കുള്ള കാഴ്ചയാണ് ജയ് ഭീം മുന്നോട്ടുവയ്ക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി അവതരിപ്പിക്കുന്ന ജയ്ഭീം, നാട്ടിലെ രാഷ്ട്രീയ നിയമ സംവിധാനങ്ങള്‍ക്ക് സ്വയം പരിശോധന നടത്താന്‍ വഴിയൊരുക്കുന്ന സിനിമയാണ് എന്ന് സദസ്സ് വിലയിരുത്തി. 

ജയ് ഭീം സിനിമയിലെ ഇടതുപക്ഷ സിമ്പലുകള്‍ ആഘോഷിക്കുന്ന കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സംവരണ അട്ടിമറിയിലൂടെ സവര്‍ണ സംവരണം നടപ്പിലാക്കിയതും ദലിത് വിദ്യാര്‍ഥിനിക്ക് ജാതിയ വിവേചനം മൂലം സര്‍വകലാശാലയിലെ തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സമരത്തിനിറങ്ങേണ്ടി വന്നതും സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയാത്ത ദലിത് യുവാവ് കാര്‍ മോഷണ കേസില്‍ പ്രതിയാകുന്നതും. ലഘുലേഖ കൈവശം വച്ചതിന് വിദ്യാര്‍ത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് മാവോ വാദികള്‍ എന്ന് ആരോപിച്ച് നടത്തിയ പോലീസ് വെടിവപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടത് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കേരളത്തെ തകര്‍ക്കുക എന്ന അജണ്ട നാം കാണാതെ പോകരുത് എന്ന് തുടര്‍ന്ന് സംസാരിച്ച പങ്കജ് നാഭന്‍ പറഞ്ഞു. പാളിച്ചകള്‍ ധാരാളം ഉണ്ടെങ്കിലും കേരളത്തിന്റെ ഇടത് സാംസ്‌കാരിക ബോധം നിലനില്‍ക്കേണ്ടതുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകള്‍ ഇത്തരം ഭരണകൂട അതിക്രമത്തെ ചിത്രീകരിക്കുന്നതിനൊപ്പം അതിക്രമത്തിനിരയായ ഇരകളും അത്ര നല്ലവരല്ല എന്ന രാഷ്ട്രീയ സത്യസന്ധതയില്ലയ്മയാണ് പകര്‍ന്നാടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറ്റവാളി ഗോത്രങ്ങള്‍ എന്ന ചാപ്പകുത്ത് നൂറ്റാണ്ടുകളായി നിലവിലുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത നാട്ടിലും സമൂഹത്തിലും മതത്തിലുമുള്ളവര്‍ കുറ്റവാളികളും ഭീകരവാദികളുമാണെന്ന ചിന്ത സമൂഹത്തില്‍ പിടിമുറുക്കുകയാണ് എന്ന് തുടര്‍ന്ന് സംസാരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ചെമ്പന്‍ ജലാല്‍ പറഞ്ഞു. കേരളത്തില്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി സമരമുഖത്തുള്ള ന്യൂജന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തി ഇത്തരം ജനകീയ സമരങ്ങളെ തകര്‍ക്കാനുള്ള സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ നയങ്ങള്‍ ഇതിന് തെളിവാണ്.  

കള്ളക്കേസില്‍ കുടുക്കിയ മനുഷ്യര്‍ക്ക് ഹാബിച്വല്‍ ഒഫന്‍ഡേഴ്‌സ് എന്ന വിശേഷണം അധികാര വര്‍ഗ്ഗത്തിന് പാര്‍ശ്വവല്‍കൃതരോടുള്ള മനോഭാവത്തെയാണ് അടയാളപ്പെടുത്തുന്നത് എന്ന് ചര്‍ച്ച നിയന്ത്രിച്ച വി.കെ അനീസ് ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര, സാമൂഹിക പ്രവര്‍ത്തകരായ ഗഫൂര്‍ മൂക്കുതല, എം. അബ്ദുല്‍ ഖാദര്‍, സിറാജുദ്ദീന്‍ ടി. കെ, വി എന്‍ മുര്‍ഷാദ്, സാജിര്‍ കണ്ണൂര്‍, അബ്ദുല്‍ ലത്തീഫ് കടമേരി, ഫൈസല്‍, പി. ഷാഹുല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ജലീല്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു