മനാമ: ലിറ്റില്‍ ഇന്ത്യ ബഹ്റൈന്‍' ആഘോഷത്തിന്റെ ഭാഗമായി ബാബ് അല്‍ ബഹറിനില്‍ ബഹ്റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കൗണ്ടര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യയും ബഹ്റൈനും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ബഹ്റൈന്‍ സാംസ്‌കാരിക അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ലിറ്റില്‍ ഇന്ത്യ ബഹ്റൈന്‍' ബാബ് അല്‍  ബഹറിനില്‍ വച്ച് ഔപചാരിക ഉദ്ഘാടനം നടന്നു. 

ഒക്ടോബര്‍ 12 മുതല്‍ 19 ഒക്ടോബര്‍ വരെ ഒരാഴ്ച നീളുന്ന പരിപാടിയിലാണ് ബഹ്റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ്  ജയാ രവികുമാറിന്റെയും ജനറല്‍ സെക്രട്ടറി അര്‍ച്ചന വിബീഷിന്റെയും നേതൃത്വത്തില്‍ ഫുഡ് കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ് ഫുഡ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. 

നിരവധി ആളുകളാണ് ഫുഡ് കൗണ്ടര്‍ സന്ദര്‍ശിക്കുന്നതെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവര്‍ അറിയിച്ചു.