മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ബഹറിനില്‍ തുടക്കമായി. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും സാംസ്‌കാരികവകുപ്പും സംയുക്തമായി ഒരുക്കുന്നത്. ബഹ്റൈനിലെ പ്രധാന ചരിത്ര സ്മാരകമായ ബാബല്‍ ബഹ്‌റൈനില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ ദീപാലങ്കാരമൊരുക്കിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതേസമയത്തുതന്നെ ഇന്ത്യയിലെ കുത്തബ് മിനാര്‍ ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കരിക്കുകയും ചെയ്തത് നവ്യാനുഭവമായി.

ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ബാബുല്‍ ബഹ്‌റൈനിലെ ലിറ്റില്‍ ഇന്ത്യ സ്‌ക്വയറാണ് ആഘോഷങ്ങള്‍ക്ക് മുഖ്യ വേദിയായത്. തുടര്‍ന്ന് ബാന്‍ഡ് സംഘത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളുടെയും പരമ്പരാഗത രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു. തുടര്‍ന്ന് മ്യൂസിയം കള്‍ച്ചറല്‍ ഹാളില്‍ ജയ്‌വന്ത് നായിഡുവും സംഘവും അവതരിപ്പിച്ച സംഗീതപരിപാടി അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമായി. പത്തൊന്‍പതാം തീയതിവരെയുള്ള ദിവസങ്ങളില്‍ പ്രമുഖരുടെ പ്രഭാഷണങ്ങളും വിവിധ സംഗീതപരിപാടികളും ഉണ്ടായിരിക്കും. 

ഇത്തരം ഒരു പരിപാടി ഒരുക്കനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന മുഹൂര്‍ത്തമാണിത്. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണെന്നും ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തോടു കാണിക്കുന്ന കൂറിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും സൗഹൃദരാജ്യമായി ഇനിയും നൂറ്റാണ്ടുകള്‍ തുടരും. ബഹ്‌റൈന്റെ ആതിഥ്യമര്യാദ പ്രശസ്തമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം നിലനിര്‍ത്തുന്നതും ബന്ധങ്ങളുടെ ഊഷ്മളതയാണെന്നും സഹകരണം ഇനിയും നൂറ്റാണ്ടുകള്‍ തുടരട്ടെയെന്നും അംബാസഡര്‍ ആശംസിച്ചു.