മനാമ: ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത് നാടന്‍ പന്തുകളി മത്സരം ഒക്ടോബര്‍ 15 ന് സിഞ്ച് മൈതാനിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രമുഖ ടീമുകള്‍ ആയ പുതുപ്പള്ളി, മണര്‍കാട്, വാകത്താനം, ചിങ്ങവനം എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മറ്റുരയ്ക്കും. 

വിജയികള്‍ക്ക് കെ.ഇ. ഈശോ ഏവര്‍ റോളിംഗ് ട്രോഫിയും, റെജി കുരുവിള സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് എം.സി. കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫിയും, മാത്യു വര്‍ക്കി അക്കരക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. കൂടാതെ, മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്ന് സംഘടകര്‍ അറിയിച്ചു. 

ഫെഡറേഷന്റെ ലോഗോ യോഗത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര പ്രകാശനം ചെയ്തു. മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരാം മുഖ്യ അതിഥി ആയിരുന്നു. ഫെഡറേഷന്‍ പ്രസിഡന്റ് റെജി കുരുവിളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സാജന്‍ തോമസ്, വൈസ് പ്രസിഡന്റ് റോബിന്‍ എബ്രഹാം, പബ്ലിസിറ്റി ചുമതല വഹിക്കുന്ന റോബി കാലായില്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്റെ എക്സിക്കുട്ടീവ് കമ്മറ്റി അംഗങ്ങള്‍ സന്നിഹിതരായിരുന്നു. 2022 ആദ്യം ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ സംഘടിപ്പിച്ചുകൊണ്ട് ടൂര്‍ണമെന്റ് നടത്തുമെന്നും സംഘടകര്‍ അറിയിച്ചു.