ഞാറക്കല്‍: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലാല്‍സണ്‍ മെമ്മോറിയല്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിച്ചു. ഞാറക്കല്‍ സ്വദേശിയും പ്രവാസിയുമായിരുന്ന ബൈജു ജോയ്ക്ക് വേണ്ടിയാണ് ഭവനം നിര്‍മ്മിച്ചു നല്‍കിയത്. ഒമാനില്‍ ജോലിക്കിടയില്‍  അപകടത്തില്‍ ബൈജുവിന്റെ വലത് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. 

സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ബിജു മലയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, മുനമ്പം സന്തോഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ ഡോണോ മാഷ്, സോളിരാജ്, വാര്‍ഡ് മെമ്പര്‍ പി.പി ഗാന്ധി, കോണ്‍ഗ്രസ് ഭാരവാഹികളായ സാജു മാമ്പിള്ളി, നിതിന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഐ.വൈ.സി.സി ചാരിറ്റി ആന്‍ഡ് ഹെല്‍പ് ഡസ്‌ക് കണ്‍വീനര്‍ മണിക്കുട്ടന്‍ സ്വാഗതവും, ദിലീപ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തകരായ ഷിന്റൂലാല്‍, പ്രസാദ് കഴക്കൂട്ട്, സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭവന നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സൗമ്യ ബേബിക്ക് രമേശ് ചെന്നിത്തല ഉപഹാരം കൈമാറി.