മനാമ: സെപ്തംബര് മൂന്നു മുതല്‍ ബഹ്റൈന്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കിയതിനെത്തുടര്‍ന്ന് പുതിയ യാത്രാ വിവരങ്ങള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതനുസരിച്ചു, ബഹ്റൈനി പൗരന്മാര്‍, ബഹ്റൈനില്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍, സന്ദര്‍ശക വിസ, ഈ-വിസ, തൊഴില്‍ വിസ തുടങ്ങിയ വിസയുള്ളവര്‍ എന്നിവര്‍ക്ക് ബഹ്‌റൈനിലേക്കു യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് എയര്‍ ഇന്ത്യ ബഹ്റൈന്‍ കണ്‍ട്രി മാനേജര്‍ ആശിഷ് കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു ബഹ്‌റൈനില്‍ ക്വാറന്റീന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിനു മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും ആവശ്യമില്ല. ഈ യാത്രക്കാര്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡോ അധികൃതരെ കാണിക്കേണ്ടി വരും. 

ഇന്ത്യയില്‍നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. ബഹ്റൈനിലെത്തിയാല്‍ മൂന്നു തവണ കോവിഡ് പരിശോധന നടത്തണം. ബഹ്റൈനിലെത്തുന്ന ദിവസവും അഞ്ചാമത്തേയും പത്താമത്തേയും ദിവസമാണ് ടെസ്റ്റ് നടത്തേണ്ടത്. വാക്സിന്‍ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ഇതിന് വിധേയരാകണം. എന്നാല്‍ ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല. മൂന്നു പരിശോധനകള്‍ക്കാവശ്യമായ 36 ദിനാര്‍ യാത്രക്കാര്‍ കരുതണം. ഇത് മുന്‍കൂര്‍ അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്‌കില്‍ അടക്കുകയോ ആവാമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.