മനാമ: ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്‍ക്കുമാണ് എന്നീ ആശയങ്ങള്‍ മുന്‍നിത്തി ബഹ്റൈന്‍ കേരളീയ സമാജം മുന്നോട്ടുവച്ച 'ഓണം ഫോര്‍ ഓള്‍' ക്യാമ്പയിന്റെ മുന്നോടിയായി ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി കൊണ്ട് ഓണം ഫോര്‍ ഓള്‍' ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമാജം അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ്, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, ഇന്റേര്‍ണല്‍ ഓഡിറ്റര്‍ മഹേഷ് പിള്ള തുടങ്ങിയവര്‍ ഭക്ഷണവിതരത്തിനു നേതൃത്വം നല്‍കി

'കോവിഡ് പ്രതിസന്ധികളില്‍ തളര്‍ന്നു, ജീവിതത്തില്‍ ഇരുള്‍ പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. അവര്‍ക്കൊക്കെ പുതു പ്രതീക്ഷകള്‍ നല്‍കാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോര്‍ ഓള്‍. താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റു അര്‍ഹതപ്പെട്ട പ്രവാസികള്‍ക്കും ഓണസദ്യ എത്തിച്ചു നല്‍കുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.' സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

'ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. വരും ദിവസങ്ങളില്‍ ഈ പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട കൂടുതല്‍ ആളുകളിലേക്ക് ഓണസദ്യ എത്തിച്ചുനല്‍കാനാണ് സമാജം പരിശ്രമിക്കുന്നത്. വിപുലമായ വോളന്റീര്‍ കമ്മറ്റിയും മറ്റു ഒരുക്കങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി അണിയറയില്‍ തായ്യാറാണെന്നു ഭാരവാഹികള്‍ അറിയിച്ചു. പൊതുജന പിന്തുണയോടെയാണ് ഈ പരിപാടി മുന്‍പോട്ടു നീങ്ങുന്നത്. ഈ ആശയത്തോട് യോജിക്കുന്നവര്‍ക്കു ഒരു നിശ്ചിതപേര്‍ക്കുള്ള ഓണസദ്യ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരമുണ്ട്. ഈ പദ്ധതിയെ പിന്തുണക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 38031890 എന്ന വാട്‌സാപ്പ് നമ്പരില്‍ (വാട്‌സാപ്പ് മാത്രം) അവരുടെ സഹായം അറിയിക്കാവുന്നതാണ് എന്ന് സമാജം ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.