മനാമ : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ചൊവ്വാഴ്ച റിഫ പാലസില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തു. 

സാമ്പത്തിക സഹകരണ മേഖലകളിലും നിക്ഷേപത്തിലും ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. ഹമദ് രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തില്‍ മുന്നോട്ടു പോകുന്ന ബഹ്‌റൈന് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കുവാന്‍ സന്തോഷമാണുള്ളതെന്നു പ്രിന്‍സ് സല്‍മാന്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക അഭിവൃദ്ധിക്കും ഉന്നമനത്തിനും നിക്ഷേപങ്ങളും ഉഭയകക്ഷി ബന്ധവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും സൂചിപ്പിച്ചു. 

കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും ചര്‍ച്ചാ വിഷയമായി. ബഹ്റൈന്റെ വളര്‍ച്ചക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സേവനം മഹത്തരമാണ്. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും താല്പര്യമുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തുവാനായതിലുള്ള നന്ദിയും കടപ്പാടും ബഹ്റൈന്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചത്തിലുള്ള സന്തോഷവും മന്ത്രി മുരളീധരന്‍ അറിയിച്ചു. തുടര്‍ന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി മന്ത്രി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.  

ഇന്നലെ രാവിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച മുരളീധരന്‍ അവിടെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയും ഇന്ത്യന്‍ എംബസ്സിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പിന്നീട് ബഹ്റൈനിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധികളുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. 

ബുധനാഴ്ച രാവിലെ ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75, ബികെഎസ് @75 ആഘോഷങ്ങളുടെ ഉദ്ഘാടനവും മുരളീധരന്‍ നിര്‍വ്വഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹികസേവനം എന്നിവയുള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ ഇന്ത്യക്കാരുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് ഗള്‍ഫ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും. തുടര്‍ന്ന് രാത്രി തന്നെ ഡല്‍ഹിക്കു മടങ്ങും.