മനാമ: ക്ഷേമരാഷ്ട്ര നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിയാത്മക പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രെറ്റേണിറ്റി കേരള പ്രസിഡന്റ് നജ്ദ റൈഹാന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുമ്പോഴാണ് ഒരു ക്ഷേമരാഷ്ട്രം ഉണ്ടാകുന്നത്. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വിദ്യാര്‍ഥി വിഭാഗമായ ടീന്‍ ഇന്ത്യ ബഹ്‌റൈന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പായ 'സമ്മര്‍ സ്പാര്‍ക്ക് 2021' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

ഷദ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത കൗണ്‍സിലര്‍ സമീര്‍ മുഹമ്മദ് വിദ്യാര്‍ഥികളുമായി സംവദിച്ചു. ക്യാമ്പ് കണ്‍വീനര്‍ നൂറ ടീച്ചര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യാസീന്‍ മുനീറിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഹനാന്‍ ശരീഫ് സ്വാഗതവും നുസ്ഹ കമറുദീന്‍ നന്ദിയും പറഞ്ഞു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ കൗമാര വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസം, ധാര്‍മിക ശിക്ഷണം, കരിയര്‍ ഗൈഡന്‍സ്, കലാകായിക മേഖല തുടങ്ങിയവയില്‍ പരിശീലനം നല്‍കുമെന്ന് ടീന്‍ ഇന്ത്യ ബഹ്‌റൈന്‍ കോഡിനേറ്റര്‍ മുഹമ്മദ് ഷാജി അറിയിച്ചു.സമീറ നൗഷാദ്, സബീഹ ഫൈസല്‍, ഷൈമില നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്യാമ്പിന്റെ രണ്ടാമത് സെഷന്‍ ജൂലൈ 17 ശനിയാഴ്ച 11 മണിക്ക് നടക്കും. എസ്.ഐ.ഒ കേരള സ്റ്റേറ്റ് പ്രസിഡന്റ് അംജദ് അലി വിദ്യാര്‍ഥികളോട് സംവദിക്കും.