മനാമ: ഈദുല്‍ അദ്ഹ യോട് അനുബന്ധിച്ച് നടക്കുന്ന ബലികര്‍മ്മങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ലൈവ് സ്റ്റോക്ക് കമ്പനിയും തര്‍ബിയ ഇസ്ലാമിക് സൊസൈറ്റിയുമായി കരാര്‍ ഒപ്പുവെച്ചു. നാഷണല്‍ പ്രൊജക്റ്റ് ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ ഷെയ്ഖ് ആദല്‍ റാഷിദ് ബുസൈബ ഒപ്പുവെച്ച കരാര്‍ പ്രകാരം ഏകദേശം 2500 ല്‍ പരം ആടുകളെ ബലി നല്‍കുമെന്ന് തര്‍ബിയ അറിയിച്ചു. 

കോവിഡ് മാനദണ്ഡങ്ങളും മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും പാലിച്ച് കൊണ്ട് നടത്തുന്ന ബലികര്‍മ്മങ്ങള്‍ക്ക് കര്‍മ്മ നിരതരായ വളണ്ടിയര്‍മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്. അത് പോലെ തന്നെ മാംസ വിതരണത്തിനായി ശീതീകരിച്ച ട്രക്കുകളും മറ്റ് വാഹനങ്ങളും തയ്യാറാക്കി.  ബലി മാംസം കേടു കൂടാതെ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സൊസൈറ്റി സ്വീകരിച്ചിട്ടുണ്ട്. 

ശരീഅ വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന ബലികര്‍മ്മങ്ങള്‍ വൃത്തിയും സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളില്‍ വെച്ചാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും മാനദണ്ഡങ്ങളില്‍ യാതൊരു വിധ നീക്കുപോക്കുകളും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.