മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021ന് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന് ബോധവത്കരിക്കുകയുമാണ്. 

മനാമ എഫ്.ജി.ആര്‍. വര്‍ക്ക് സൈറ്റിലെ 200 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ പരിപാടിക്കു തുടക്കം കുറിച്ചത്. കോവിഡ് സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ലൈയറുകളും ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ വിതരണം ചെയ്തു. 

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഐ.സി.ആര്‍.എഫ് തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, പവിത്രന്‍ നീലേശ്വരം, നിഷാ രംഗരാജന്‍, രമണ്‍ പ്രീത് എന്നിവര്‍ പങ്കെടുത്തു.